കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി അന്തരിച്ചു

മന്ത്രിമാരെ തെരുവില്‍ തടഞ്ഞ പ്രക്ഷോഭമുള്‍പ്പെടെ ഡിവൈഎഫ്‌ഐയുടേയും സിപിഎമ്മിന്റെയും ഒട്ടേറേ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജിന് ഇരയായിട്ടുണ്ട്. സാംസ്‌കാരിക രംഗത്തും തിളങ്ങിയ ബാബു എം പാലിശ്ശേരി നാടകത്തിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്

author-image
Biju
New Update
balu

തൃശൂര്‍: സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും രണ്ടുതവണ കുന്നംകുളം എംഎല്‍എയുമായിരുന്ന ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. പാര്‍ക്കിസണ്‍സ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്ത കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പകല്‍ ഒരുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

സിപിഎം കുന്നംകുളം എരിയ സെക്രട്ടറിയായിരുന്നു. 2005ല്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലെത്തി. ഡിവൈഎഫ്‌ഐയുടെ ജില്ല സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്, കേരള കരാട്ടെ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പൊതുരംഗത്ത് നിറഞ്ഞുനിന്നു പ്രവര്‍ത്തിച്ചു. യുവജനപോരാട്ടങ്ങളില്‍ ജ്വലിച്ചു നിന്ന നേതാവായിരുന്നു.

മന്ത്രിമാരെ തെരുവില്‍ തടഞ്ഞ പ്രക്ഷോഭമുള്‍പ്പെടെ ഡിവൈഎഫ്‌ഐയുടേയും സിപിഎമ്മിന്റെയും ഒട്ടേറേ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജിന് ഇരയായിട്ടുണ്ട്. സാംസ്‌കാരിക രംഗത്തും തിളങ്ങിയ ബാബു എം പാലിശ്ശേരി നാടകത്തിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഒട്ടേറെ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായി. 1989ല്‍ കടവല്ലൂര്‍ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കുന്നംകുളം മണ്ഡലത്തില്‍ നിന്നും 2006ല്‍ ജില്ലയിലെ ചരിത്ര ഭൂരിപക്ഷത്തോടെ ആദ്യമായി നിയമസഭയിലെത്തി. 2011ല്‍ തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിച്ചു. എംഎല്‍എ എന്ന നിലയില്‍ കുന്നംകുളം മണ്ഡലത്തില്‍ ചരിത്രവികസനമാണ് നടപ്പാക്കിയത്. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എച്ച്എസ്, പെരുമ്പിലാവ് ടിഎംഎച്ച്എസ്, പട്ടാമ്പി സംസ്‌കൃത കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കടവല്ലൂര്‍ പഞ്ചായത്തിലെ കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി വീട്ടില്‍ പി രാമന്‍നായരുടേയും എം അമ്മിണിയമ്മയുടേയും മകനാണ്. ഭാര്യ: ഇന്ദിര. (അടാട്ട് ഫാമേഴ്‌സ്ബാങ്ക് ബ്രാഞ്ച് മാനേജര്‍. ). മക്കള്‍: അശ്വതി (യുകെ), നിഖില്‍ ( എന്‍ജിനിയര്‍). മരുമകന്‍ : ശ്രീജിത്ത് ( ഒമാന്‍). സഹോദരങ്ങള്‍ : മാധവനുണ്ണി, എം ബാലാജി ( സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം), നാരായണിക്കുട്ടി, രാജലക്ഷ്മി.