മുന്‍ മന്ത്രി എംടി പത്മ അന്തരിച്ചു

1987ലും 1991ലും കൊയിലാണ്ടിയില്‍നിന്ന് നിയമസഭാംഗമായി. 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമവികസന, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയായിരുന്നു.

author-image
Prana
Updated On
New Update
mt padma

മുന്‍ മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന എംടി പത്മ മുംബൈയില്‍ നിര്യാതയായി 81 വയസ്സായിരുന്നു. മകള്‍ ബിന്ദുവിനോടൊപ്പം കുറെ നാളുകളായി മുംബൈലായിരുന്നു താമസം. 1982 ല്‍ നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 1987ലും 1991ലും കൊയിലാണ്ടിയില്‍നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭയില്‍ ഫിഷറീസ് ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. 1999ല്‍ പാലക്കാട് ലോക്‌സഭയിലും 2004ല്‍ വടകര ലോക്‌സഭയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരാജയപ്പെട്ടു. കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവായിരുന്നു.

കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി ട്രഷറര്‍, കെപിസിസി എക്‌സിക്യുട്ടീവ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മൃതദേഹം നാളെ ഉച്ചക്ക് 2.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. അവിടെവെച്ച് എം.കെ. രാഘവന്‍ എംപിയുടെയും ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാറിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങും. 3.30ന് വെസ്റ്റ്ഹിലിലുള്ള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. 14ന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും. പത്മേടത്തിയോടുള്ള ആദരസൂചകമായി ജില്ലയിലെ പാര്‍ട്ടിയുടെ എല്ലാ പരിപാടികളും ശവസംസ്‌കാരചടങ്ങുവരെ മാറ്റിവെച്ചതായി ഡിസിസി പ്രസിഡന്റ് അറിയിച്ചു.

former minister passed away leader congress