
heavy rain in kerala
കണ്ണൂർ: കേരളത്തിൽ ഇന്ന് മഴക്കെടുതിയിൽ പൊലിഞ്ഞത് നാല് ജീവനുകൾ.കണ്ണൂരിൽ മാത്രം രണ്ട് പേരാണ് മരിച്ചത്. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടിൽ വീണാണ് രണ്ട് മരണവും സംഭവിച്ചത്. മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിനയാണ് (51) വീടിന് സമീപത്തെ വയലിലെ വെളളക്കെട്ടിൽ വീണ് മരിച്ചത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിൻറിങ് തൊഴിലാളിയായ ചന്ദ്രശേഖരൻറെ (63) മൃതദേഹം രാവിലെ കണ്ടത് .രാത്രി വീട്ടിലേക്ക് നടന്നുപോകുമ്പോൾ വീണതാണെന്നാണ് നിഗമനം.
പാലക്കാട് കോട്ടേക്കാട് കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം സംഭവിച്ചു. വീട്ടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്.
ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയിൽ വീടിൻറെ പിൻഭാഗത്തെ ചുവർ ഇടിഞ്ഞുവീഴുകയായിരുന്നു. രാവിലെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീട്ടിൽ നിന്നും മാറി താമസിക്കാൻ ഇവർ തീരുമാനിച്ചിരുന്നുവെന്നും അതിനിടയിലാണ് അപകടമെന്നും നാട്ടുകാർ പറഞ്ഞു.അതെസമയം പാലക്കാട് അയിലൂർ മുതുകുന്നിയിൽ തേങ്ങ പെറുക്കുന്നതിനിടെ യുവാവ് പുഴയിൽ ഒലിച്ചു പോയി.പുഴയിലൂടെ ഒഴുകി വന്ന തേങ്ങ പെറുക്കുന്നതിനിടെയാണ് 42 കാരനായ രാജേഷ് ഒഴുക്കിൽ പെട്ടത്. യുവാവിനായി തെരച്ചിൽ തുടരുകയാണ്.