/kalakaumudi/media/media_files/2025/07/15/nipha-pkd-2025-07-15-10-28-16.jpg)
പാലക്കാട്: നിപ രോഗലക്ഷണങ്ങളുളള നാലുപേരെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയില്‍ ഉളളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.നിപ ലക്ഷണങ്ങളോടെ മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയായ 58 കാരന്റെ മകന്‍, മകന്റെ രണ്ടുമക്കള്‍, ഒരു ആരോഗ്യപ്രവര്‍ത്തക എന്നിവരെയാണ് പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ലക്ഷണങ്ങളില്ലെങ്കിലും കുട്ടികളുടെ അമ്മയെയും നിരീക്ഷണത്തിനായി ആശുപത്രിയിലാക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ കുമരംപുത്തൂര്‍, കരിമ്പുഴ, കാരാകുറുശ്ശി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലുള്ള 17 വാര്‍ഡിലാണ് തീവ്രനിയന്ത്രണം ഏര്‍പ്പെടുത്തിയതെങ്കിലും തിങ്കളാഴ്ച ഒരു വാര്‍ഡില്‍ക്കൂടി നിയന്ത്രണമേര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ച പ്രദേശത്തുനിന്ന് മൂന്നുകിലോമീറ്റര്‍മാത്രം അകലെയുള്ള മണ്ണാര്‍ക്കാട് നഗരസഭയിലെ 24-ാം വാര്‍ഡായ പെരിമ്പടാരിയിലാണ് കളക്ടര്‍ തീവ്രനിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജില്ലയിലുള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.നിപ ലക്ഷണങ്ങളോടെ മരിച്ചയാള്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്തെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും സ്വകാര്യവാഹനങ്ങളില്‍ മാത്രമാണ് ഇദ്ദേഹം യാത്രചെയ്തിട്ടുള്ളതെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.നിപ റിപ്പോര്‍ട്ടുചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 112 പേര്‍ ഉള്‍പ്പെട്ടതായി ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് അറിയിച്ചു.