നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ജൂലൈ ഒന്നിന് തുടക്കമാവും

തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ ഉച്ചക്ക് 12 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും..  

author-image
Prana
New Update
r bindu
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലായ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ജൂലൈ ഒന്നിന് 'വിജ്ഞാനോത്സവ'ത്തോടെ തുടക്കമാവുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. നാലുവര്‍ഷ ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് 'വിജ്ഞാനോത്സവമായി' സംസ്ഥാനത്തെ ക്യാമ്പസുകള്‍ ആഘോഷിക്കും. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ സമാരംഭവും സംസ്ഥാനതല വിജ്ഞാനോത്സവവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ ഉച്ചക്ക് 12 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും..  നാലുവര്‍ഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച ഹാന്‍ഡ് ബുക്ക് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ജൂലൈ ഒന്നിന് സംസ്ഥാനത്തെ കാമ്പസുകളില്‍ നവാഗത വിദ്യാര്‍ഥികളെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ വരവേല്‍ക്കും. തുടര്‍ന്ന് നാലുവര്‍ഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയന്റേഷന്‍ ക്ലാസും ഉണ്ടാവും. സംസ്ഥാനതല ഉദ്ഘാടനപരിപാടി എല്ലാ ക്യാമ്പസുകളിലും ലൈവ് സ്ട്രീം ചെയ്യും. തുടര്‍ന്ന് ക്യാമ്പസ് തല ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.