പിറവം : ഇല്ലാത്ത രോഗിക്കു ചികിത്സാ സഹായത്തിനു പിരിവു നടത്തിയിരുന്ന സംഘത്തെ ടൗണിൽ വ്യാപാരികൾ പിടികൂടി. ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന എന്നവകാശപ്പെടുന്ന സംഘടനയിലെ 2 പേരെയാണ് ഇന്നലെ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു പിടികൂടിയത്. പിരിവു നടത്തുന്നതിനു നൽകിയ വിലാസത്തിൽ പിറവത്തിനു സമീപത്തുള്ള തിരുമാറാടിയിലെ രോഗിയുടെ പേരു ചേർത്തതാണു തട്ടിപ്പുകാർക്കു കുരുക്കായത്.
ഒരാൾ വാഹനത്തിൽ സഞ്ചരിച്ചു അനൗൺസ് ചെയ്യുകയും അടുത്തയാൾ വ്യാപാര സ്ഥാപനങ്ങളിൽ പിരിവു നടത്തുകയുമായിരുന്നു രീതി.
തിരുമാറാടി സ്വദേശിയുടെ വിലാസം കണ്ടതോടെ സംശയം തോന്നിയ ചിലർ തിരുമാറാടി പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടതോടെ ഇങ്ങനെ രോഗി ഇല്ലെന്നു മനസ്സിലായി. വ്യാപാരികൾ വളഞ്ഞതോടെ തങ്ങൾക്കു ലഭിക്കുന്ന പണം ട്രസ്റ്റ് ഓഫിസിൽ എത്തിക്കുകയാണെന്നും അവിടെ നിന്ന് അർഹരായവർക്കു വിതരണം ചെയ്യുകയാണെന്നുമായിരുന്നു വിശദീകരണം. ട്രസ്റ്റ് ഭാരവാഹികളുടെ ഫോൺ നമ്പറിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബാബു പാണക്കാട്ട് വിളിച്ചപ്പോൾ വാഹനം ഓടിച്ചിരുന്നയാളുടെ നമ്പറാണെന്നു തിരിച്ചറിഞ്ഞു.
പൊലീസിൽ അറിയിക്കുമെന്നായതോടെ അബദ്ധം പറ്റിയെന്നു ഇനി വരില്ലെന്നുമായി ഇരുവരും. സമാഹരിച്ച തുക പിറവത്തു കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഏയ്ഞ്ചൽ മരിയയുടെ ചികിത്സാ സഹായ നിധിയിലേക്ക് നൽകാമെന്ന ഉറപ്പും നൽകി. 3700 രൂപയോളം പിറവത്തു നിന്നു സമാഹരിച്ചതായാണു വിവരം. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. അതേ സമയം ടൗൺ കേന്ദ്രീകരിച്ചു ചികിത്സാ സഹായത്തിന്റെ മറവിൽ ഗാനമേളയും, ദീർഘദൂര ഓട്ടവും മറ്റു പിരിവുകളും നാളുകളായി സജീവമാണ്.