ഇനി മുതല്‍ മൈക്ക് അനൗണ്‍സ്മെന്‍റ് വാഹനമായി ഉപയോഗിക്കുന്നതിന് സ്വകാര്യ വാഹനങ്ങള്‍ക്കും അപേക്ഷ നല്‍കാം: ഹൈക്കോടതി

മൈക്ക് അനൗണ്‍സ്മെന്‍റ് വാഹനമായി ഉപയോഗിക്കുന്നതിന് ടാക്സി വാഹനങ്ങള്‍ക്കു പുറമെ സ്വകാര്യ വാഹനങ്ങള്‍ക്കും അപേക്ഷ നല്‍കാമെന്ന്  ഹൈക്കോടതി.

author-image
Shyam
New Update
betherry-jeep-announcement

കൊച്ചി : മൈക്ക് അനൗണ്‍സ്മെന്‍റ് വാഹനമായി ഉപയോഗിക്കുന്നതിന് ടാക്സി വാഹനങ്ങള്‍ക്കു പുറമെ സ്വകാര്യ വാഹനങ്ങള്‍ക്കും അപേക്ഷ നല്‍കാമെന്ന്  ഹൈക്കോടതി. കേരള പൊലീസിന്‍റെ പോർട്ടലായ ‘തുണ’ യിൽ അപേക്ഷിക്കുമ്പോൾ  ടാക്സി വാഹനങ്ങളെ മാത്രമാക്കി പരിമിതപ്പെടുത്തിയ ആഭ്യന്തര വകുപ്പിന്‍റെ സർക്കുലർ  സ്റ്റേ ചെയ്തുകൊണ്ടാണ് കോടതി ഉത്തരവ്.

പ്രൈവറ്റ് രജിസ്ട്രേഷന്‍ വാഹനങ്ങളെ ഒഴിവാക്കിയതിനെതിരെ മൂവാറ്റുപുഴ ലൈറ്റ് ആന്‍റ്  സൗണ്ട് അസോസിയേഷൻ പ്രസിഡന്‍റും കീർത്തി ലൈറ്റ് ആന്‍റ് സൗണ്ട് ഉടമയുമായ ജെയിംസ് മാത്യു അഭിഭാഷകരായ മാത്യു കുര്യാക്കോസ്, സി എൻ പ്രകാശ് എന്നിവർ മുഖേന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്‍റെ ഉത്തരവ്. കഴിഞ്ഞ ഒക്ടോബര്‍ 17 നാണ്  പൊലീസിന്‍റെ ‘തുണ’ പോർട്ടലിൽ മൈക്ക് അനൗൺസ്മെന്‍റിന് ടാക്സി വാഹനങ്ങളെ മാത്രമാക്കി പരിമിതപ്പെടുത്തി  ആഭ്യന്തര വകുപ്പ് സർക്കുലർ ഇറക്കിയത്.ഇതെത്തുടര്‍ന്നാണ് വർഷങ്ങളായി പ്രൈവറ്റ് രജിസ്ട്രേഷൻ വാഹനങ്ങൾക്കും അനുമതി നൽകിയിരുന്നുവെന്നും സ്വകാര്യ വാഹനങ്ങളെ  ഒഴിവാക്കിയതില്‍ കോടതി ഇടപെടണമെന്നുമാവശ്യപ്പെട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനമുടമ ജെയിംസ് മാത്യു ഹര്‍ജി സമര്‍പ്പിച്ചത്. മൈക്ക് അനൗണ്‍സ്മെന്‍റ് വാഹനമായി ഉപയോഗിക്കുന്നതിന് സ്വകാര്യ വാഹനങ്ങള്‍ക്കും അപേക്ഷ നല്‍കാമെന്ന് വ്യക്തമാക്കിയ കോടതി തുണ പോര്‍ട്ടലില്‍ ഇതിനനുസരിച്ച് മാറ്റം വരുത്താനും നിര്‍ദേശിച്ചു. ഹർജിക്കാരൻ്റെ പ്രൈവറ്റ് രജിസ്ട്രേഷൻ വാഹനങ്ങൾക്ക് മൈക്ക് അനൗൺസ്മെൻ്റ് നടത്താനും കോടതി അനുമതി നൽകി.

announcements announcement mike system highcourtofkerala