സംഗീതം മാത്രമായിരുന്നില്ല ജയചന്ദ്രനെന്ന ഗായകന്റെ കലാലോകം. അത് കവിതയിലും കേരളീയകലകളായ കഥകളി, ചെണ്ടമേളത്തിലുമെല്ലാം ചെന്നെത്തിനില്‍ക്കുന്നതാണ്. ചാക്യാര്‍കൂത്ത്, പാഠകം എന്നിവയോടെല്ലാം അദ്ദേഹത്തിന് അതിയായ കമ്പമുണ്ടായിരുന്നു. കേരളത്തിലെ ആഘോഷങ്ങളായ പൂരത്തോടും ഉത്സവങ്ങളോടും വല്ലാത്ത അഭിനിവേശവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. കവിതകളേ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന കലാകാരനാണ് അദ്ദേഹം. പി കുഞ്ഞിരാമന്‍നായരും ചങ്ങമ്പുഴ കൃഷ്ണപിള്ളയും എഴുതിയ കാല്‍പ്പനികത തുളുമ്പുന്ന പ്രണയകവിതകളോട് ഈ ഗായകന്‍ സവിശേഷമായ മമത വച്ചുപുലര്‍ത്തിയിരുന്നു. തമിഴിലാകട്ടെ കവിജ്ഞര്‍ കണ്ണദാസനോടാണ് അദ്ദേഹത്തിനു പ്രിയം കൂടുതല്‍.
ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും സംഗീതത്തെ വ്യാജമായി ഉപയോഗിക്കുന്ന രീതികളെ പരസ്യമായി വിമര്‍ശിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.
അദ്ദേഹം പറഞ്ഞിരുന്നത് ഗാനമെന്നതു സാഹിത്യത്തില്‍ അധിഷ്ഠിതമാണെന്നായിരുന്നു. ഒരു ഗാനം പാടുമ്പോള്‍ ഇത്രത്തോളം ഭാവപൂര്‍ണത നല്‍കാന്‍ എങ്ങനെ സാധിക്കുന്നുവെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരം ഇങ്ങനെയായിരുന്നു ഒരു ഗാനം അടിസ്ഥാനപരമായി ബന്ധം സ്ഥാപിക്കുന്നത് അതിന്റെ സാഹിത്യവുമായിട്ടാണെന്നും അതു മനസിലാക്കിക്കൊണ്ട് ഒരു സംഗീതസംവിധായകന്‍ ഈണമിടുമ്പോഴാണ് ആ ഗാനത്തിന് ഭാവപൂര്‍ണത കൈവരുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഭാഷയില്‍ അറിവും ആധിപത്യവുമുള്ള ഒരു ഗായകനോ ഗായികയോ അതറിഞ്ഞു പാടുമ്പോള്‍ ഗാനത്തിലടങ്ങിയ ഭാവാത്മകത ആസ്വാദകരിലേക്കും സംവേദനം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒപ്പംമുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്തു വെച്ച ഗാനങ്ങള്‍ക്ക് കാണികളുടെ മുന്നില്‍ സ്‌റ്റേജില്‍ കയറി ചുണ്ട് അനക്കുന്ന പ്രമുഖ ഗായകരേയും വിമര്‍ശിക്കുന്നതില്‍ ആ പ്രതിഭ മടി കാണിച്ചിട്ടില്ല. ഈ പ്രവണത ഒട്ടും നല്ലതല്ല, ഇത്തരം പറ്റിക്കല്‍ പാട്ടിനു തന്നെ കിട്ടില്ല എന്നും അദ്ദേഹം പറയുകയുണ്ടായി. ഓര്‍ക്കസ്ട്ര നേരത്തെ ഫീഡ് ചെയ്ത് വെച്ച് ഗായകന്‍ മാത്രം പാടുന്ന പരിപാടിക്ക് പോലും താന്‍ എതിരാണെന്നും ലൈവ് സംഗീതം ആണ് സത്യം എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.