വിവാദ വെളിപ്പെടുത്തലിൽ ജി സുധാകരൻ നിയമക്കുരുക്കിലേയ്ക്ക് : കേസെടുക്കാൻ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

 സുധാകരന്‍റെ വെളിപ്പെടുത്തലിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകി. വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം.

author-image
Anitha
New Update
bajajba

തിരുവനന്തപുരം: തപാൽവോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലിൽ മുന്‍ മന്ത്രി ജി സുധാകരൻ നിയമക്കുരുക്കിലേയ്ക്ക്. സുധാകരന്‍റെ വെളിപ്പെടുത്തലിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകി. വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. അടിയന്തര നടപടി സ്വീകരിക്കാനാണ് ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകിയത്.

വെളിപ്പെടുത്തലിൽ തുടര്‍ നടപടിക്കുള്ള നിയമ വശം പരിശോധിക്കുകയാണെന്നും അത്യന്തം ഗൗരവമുള്ള കാര്യമാണിതെന്നും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുക്കാൻ നിര്‍ദേശം നൽകിയത്. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സമ്മേളനത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന് കുരുക്കാകുന്നത്.

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തി വോട്ട് സിപിഎം സ്ഥാനാര്‍ഥിക്ക് അനുകൂലമാക്കിയെന്നാണ് വെളിപ്പെടുത്തൽ. കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നാണ് ജി.സുധാകരൻ പറഞ്ഞത്. തെര‍ഞ്ഞെടുപ്പ് ക്രമക്കേടിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് കമ്മീഷന് അവഗണിക്കാനാകില്ല . ഈ സാഹചര്യത്തിലാണ് തുടര്‍ നടപടിയുടെ നിയമവശം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നത്.

1989 ൽ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കെവി ദേവദാസ് സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴാണ് താൻ ഉള്‍പ്പെടെയുള്ളവര്‍ തപാൽ വോട്ട് തിരുത്തിയെന്ന് സുധാകരൻ പറയുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ തപാൽ വോട്ടുകള്‍ തിരുത്തിയെന്നാണ് വെളിപ്പെടുത്തൽ. സിപിഎം സര്‍വീസ് സംഘടനകളിൽ അംഗമായിരുന്നവരിൽ 15 ശതമാനത്തിന്‍റെ വോട്ട് ദേവദാസിന് ആയിരുന്നില്ലെന്നും സുധാകരൻ പറയുന്നു. 36 വര്‍ഷം മുമ്പത്തെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വക്കം പുരുഷോത്തമനാണ് വിജയിച്ചത്.

Election commission of india g sudhakaran