യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി, അതുകൊണ്ട് അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തു: സുകുമാരന്‍ നായര്‍

അയ്യപ്പ സംഗമത്തില്‍ നിന്നും വിട്ടു നിന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍എസ്എസിന്റെ നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചു, ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ കരുവാക്കാമെന്ന് ആരും വിചാരിക്കണ്ട എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു

author-image
Biju
New Update
sukumaran nair

കോട്ടയം: ശബരിമല യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തത് എന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തിയോട് അനുബന്ധിച്ച് പെരുന്നയില്‍ നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിലാണ് സുകുമാരന്‍ നായരുടെ വിശദീകരണം. അയ്യപ്പ സംഗമത്തില്‍ നിന്നും വിട്ടു നിന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍എസ്എസിന്റെ നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചു, ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ കരുവാക്കാമെന്ന് ആരും വിചാരിക്കണ്ട എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

കൂടാതെ, സ്വര്‍ണ കവര്‍ച്ച കേസില്‍  രാഷ്ട്രീയ താല്‍പര്യങ്ങള്‍ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങള്‍ തെറ്റാണ്. തെരഞ്ഞെടുപ്പുകളില്‍ എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും സമുദായ അംഗങ്ങള്‍ക്ക് ഏത് നിലപാടും സ്വീകരിക്കാമെന്നും ജനറല്‍ സെക്രട്ടറി നായര്‍ പ്രതിനിധി സമ്മേളനത്തില്‍ അറിയിച്ചു. ശബരിമല വിഷയത്തിലെ എന്‍എസ്എസ് നിലപാട് മാറ്റം സമുധായത്തിന് ഉള്ളില്‍ തന്നെ സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായിരുന്നു. പലയിടത്തും പരസ്യ പ്രതിഷേധങ്ങളും നടന്നു. ഇതിന് പിന്നാലെ വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സുകുമാരന്‍ നായര്‍ പിന്തുണച്ചത്.