ഇപ്പോഴത്തെ നിലപാട് സമദൂരത്തിലെ ശരിദൂരമെന്ന് ജി സുകുമാരൻ നായര്‍; എൻഎസ്എസ് പ്രതിനിധി സഭാ യോഗത്തിൽ നിലപാടിനെ പിന്തുണച്ച് അംഗങ്ങള്‍

എൻഎസ്എസിന്‍റെ സമദൂര നിലപാടിൽ മാറ്റമില്ലെന്നും മന്നത്ത് പത്മനാഭന്‍റെ കാലത്ത് മുതലുള്ള നിലപാടാണിതെന്നും ഇപ്പോള്‍ സ്വീകരിച്ചത് ശരിദൂരമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. നിലപാടിനെ പ്രതിനിധി സഭാ യോഗത്തിൽ അംഗങ്ങള്‍ പിന്തുണച്ചു

author-image
Devina
New Update
suku

കോട്ടയം:  എൻഎസ്എസിന്‍റെ സമദൂര നിലപാടിൽ മാറ്റമില്ലെന്നും ഇപ്പോള്‍ സ്വീകരിച്ചത് ശരിദൂരമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍.

ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാടിനെ  പ്രതിനിധി സഭാ യോഗത്തിൽ അംഗങ്ങള്‍ പിന്തുണച്ചു.

സമദൂര നയത്തിൽ നിന്ന് മാറ്റമില്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ യോഗത്തിലും പിന്നീട് മാധ്യമങ്ങളോടും ആവര്‍ത്തിച്ചു.

ശബരിമല പ്രക്ഷോഭം സമയത്തെ സാഹചര്യം അല്ല നിലവിലെന്നും സുകുമാരൻ നായർ യോഗത്തിൽ വ്യക്തമാക്കി.

യോഗത്തിനുശേഷം സമദൂരത്തിലെ ശരിദൂരമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുകൂല നിലപാട് എൻഎസ്എസിനില്ലെന്നും സുകുമാരൻ നായര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

സമദൂര നയത്തിൽ നിന്ന് ഒരിക്കലും മാറ്റമുണ്ടായിട്ടില്ല. മന്നത്ത് പത്മനാഭന്‍റെ കാലത്തുള്ള നിലപാട് തന്നെയാണ് തുടരുന്നത്.

അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പ്രതിനിധി പങ്കെടുത്തത് സമദൂര നയത്തിൽ നിന്നുള്ള മാറ്റമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. 

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൂടെ ഞങ്ങളില്ല. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സമദൂരത്തിൽ ഒരു ശരിദൂരമുണ്ട്. അതാണ് ഇപ്പോള്‍ സ്വീകരിച്ച നിലപാട്.

 കോണ്‍ഗ്രസിനെയോ ബിജെപിയോ ആരെയും താൻ വിളിച്ചിട്ടില്ല. നിലപാടിന് യാതൊരു മാറ്റവുമില്ല.

 പറഞ്ഞത് ശബരിമല വിഷയത്തിലെ നിലപാടാണ്. അത് അംഗങ്ങള്‍ കൂടി അറിയാൻ യോഗത്തിൽ പറഞ്ഞു കഴിഞ്ഞു.

 യോഗത്തിൽ ഈ നിലപാട് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയ നിലപാട് അല്ല ഇതെന്നും കോണ്‍ഗ്രസോ ബിജെപിയോ കാണാൻ വരുന്നതിൽ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും സുകുമാരൻ നായര്‍ പറഞ്ഞു.

 ഇക്കാര്യം സംസാരിക്കാൻ ആണെങ്കിൽ വരേണ്ടതില്ല. മറ്റു കാര്യങ്ങള്‍ക്ക് ആളുകള്‍ വരേണ്ടെന്ന് പറയാൻ കഴിയില്ലെന്നും സുകുമാരൻ നായര്‍ പറഞ്ഞു.

ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ നിലപാട് മാറ്റി അത് എൻഎസ്എസിന് അനുകൂല നിലപാടായതുകൊണ്ടാണ് പിന്തുണച്ചതെന്ന് യോഗത്തിനുശേഷം അംഗങ്ങള്‍ പ്രതികരിച്ചു.

 എൻഎൻഎസിന്‍റെ ഉയര്‍ച്ചുവേണ്ടിയുള്ള എല്ലാ ഉത്തരവാദിത്വവും ജി സുകുമാരൻ നായര്‍ നിര്‍വഹിക്കുന്നുണ്ടെന്നും യോഗത്തിൽ അദ്ദേഹത്തിന്‍റെ നിലപാടിനെ പൂര്‍ണമായും പിന്തുണച്ചുവെന്നും അംഗങ്ങള്‍ പറഞ്ഞു.