/kalakaumudi/media/media_files/2026/01/21/suku2-2026-01-21-17-16-28.jpg)
കോട്ടയം: എസ് എന്‍ ഡി പിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് ജി സുകുമാരന്‍ നായര്‍. എന്‍ എസ് എസുമായി ഇനി പ്രശ്‌നം ഉണ്ടാകില്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനോട് സ്‌നേഹത്തോടെ നന്ദി പറയുന്നു. തുഷാര്‍ വരുമ്പോള്‍ മകനെ പോലെ സ്വീകരിക്കും. എന്‍ എസ് എസ് അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചുകൊണ്ടു സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ് എന്‍ ഡി പി- എന്‍ എസ് എസ് ഐക്യത്തിന് എസ് എന്‍ ഡി പി യോഗം അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് സുകുമാരന്‍ നായരുടെ പ്രതികരണം.
ഹിന്ദുക്കളുടെ യോജിപ്പില്ലാത്തത് വെല്ലുവിളി നേരിടുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തും നിന്നും യോജിപ്പില്ലാത്തത് കൊണ്ട് ഭീഷണി നേരിടുകയാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റം ചെയ്തവര്‍ ജയിലില്‍ പോകണം. പ്രതികള്‍ക്ക് കര്‍ശന ശിക്ഷ കൊടുക്കണം. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ഭരണ തുടര്‍ച്ച ഉണ്ടാകുമോ എന്നത് എന്‍ എസ് എസിനെ ബാധിക്കുന്ന കാര്യം അല്ല. എന്‍ എസ് എസ് ആരുടെയും അടുത്ത് ഒന്നിനും പോകുന്നില്ല. എന്‍ എസ് എസ് - എസ് എന്‍ഡി പി ഐക്യം സി പി എമ്മിന് വേണ്ടി എന്ന പ്രചരണം തെറ്റാണ്. എസ് എന്‍ ഡി പി - എന്‍ എസ് എസ് ഐക്യം ഉണ്ടാകും. ബാക്കി എല്ലാം പിന്നീട് നടക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
തുടര്‍ ചര്‍ച്ചകള്‍ക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. സുകുമാരന്‍ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യനീക്കത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന എസ്എന്‍ഡിപിയുടെ നിര്‍ണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെളളാപ്പള്ളി നടേശന്‍.
നായാടി മുതല്‍ നസ്രാണി വരെ ഐക്യം അനിവാര്യമെന്നാണ് എസ് എന്‍ ഡി പിയുടെ പ്രമേയം. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മതേതരത്വം ഉറപ്പാക്കണം. കപട മതേതര വാദികളായ നേതാക്കള്‍ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്നു. ന്യൂനപക്ഷങ്ങള്‍ മതത്തെ ഉപയോഗിച്ച് സംഘശക്തിയാകുന്നു. ലീഗ് ഒഴികെയുള്ള മുസ്ലിം സംഘടനകളുമായും ചര്‍ച്ച നടത്തുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും. സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. വോട്ട് മുന്നില്‍ കണ്ടാണ് സജി ചെറിയാന്‍ ഖേദപ്രകടനം നടത്തിയതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
