കെഎസ്ആര്‍ടിസി രൂപീകരിച്ച പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് 'ഗാനവണ്ടി' ഇന്ന് അരങ്ങേറ്റം കുറിക്കും

അരങ്ങേറ്റം കെഎസ്ആർടിസിയെ സംബന്ധിച്ച് നിർണായകമാണെന്ന് കെഎസ്ആർടിസിയുടെ ചീഫ് ലോ ഓഫീസറും കൾച്ചറൽ കോർഡിനേറ്ററുമായ ഹെന പി എൻ പറയുന്നു.രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിക്കിടെ ജനങ്ങളെ ചിരിപ്പിക്കാൻ മിമിക്രിയിലും ജീവനക്കാർ ഒരു കൈ നോക്കുന്നുണ്ട്.

author-image
Devina
New Update
ksrtc

തിരുവനന്തപുരം: ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചേർത്ത് കെഎസ്ആർടിസി രൂപീകരിച്ച പ്രഫഷണൽ ഗാനമേള ട്രൂപ്പ് 'ഗാനവണ്ടി' ഇന്ന്  അരങ്ങേറ്റം കുറിക്കും.

18 അംഗങ്ങൾ ഉൾപ്പെടുന്ന സംഗീത സംഘം തലസ്ഥാന നഗരത്തിനോട് ചേർന്നുള്ള ഉച്ചക്കട ശ്രീ ദുർഗ്ഗ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലാണ് ആദ്യമായി ഗാനമേള അവതരിപ്പിക്കാൻ പോകുന്നത്.

ജീവനക്കാരുടെ ജോലിയുമായി ബന്ധപ്പെട്ട വിരസത ഒഴിവാക്കാനും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കോർപ്പറേഷന് അധിക വരുമാനം നേടിക്കൊടുക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്.

 തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാല, വൈക്കം, എടപ്പാൾ തുടങ്ങിയ ഡിപ്പോകളിൽ നിന്നുള്ള ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കുകൾ എന്നിവരെയും അവരുടെ കുടുംബാംഗങ്ങളെയും ചേർത്ത് കൊണ്ടാണ് പുതിയ ട്രൂപ്പിന് രൂപം നൽകിയത്.

 രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിക്കിടെ ജനങ്ങളെ ചിരിപ്പിക്കാൻ മിമിക്രിയിലും ജീവനക്കാർ ഒരു കൈ നോക്കുന്നുണ്ട്.

ഇടുക്കിയിൽ നിന്നുള്ള കെഎസ്ആർടിസി കണ്ടക്ടർ ദേവദാസിന്റെ മകളും അഞ്ചാം ക്ലാസ് വിദ്യാർഥിനിയുമായ നീലാംബരി അവതരിപ്പിക്കുന്ന ക്ലാസിക്കൽ പ്രകടനത്തോടെയാണ് ഷോ ആരംഭിക്കുന്നത്.

 അരങ്ങേറ്റം കെഎസ്ആർടിസിയെ സംബന്ധിച്ച് നിർണായകമാണെന്ന് കെഎസ്ആർടിസിയുടെ ചീഫ് ലോ ഓഫീസറും കൾച്ചറൽ കോർഡിനേറ്ററുമായ ഹെന പി എൻ പറയുന്നു.

'ഇതിന്റെ വിജയം ട്രൂപ്പിനെ കൂടുതൽ രൂപപ്പെടുത്താൻ ഞങ്ങളെ സഹായിക്കും. കലയോടുള്ള അഭിനിവേശത്തിൽ സന്നദ്ധസേവനം നടത്താൻ തയ്യാറായ ഒരു കൂട്ടം ജീവനക്കാർ സോണുകളിലുടനീളം ഞങ്ങളുടെ പക്കലുണ്ട്, അവരുടെ കഴിവുകൾ പ്രോഗ്രാം ലൊക്കേഷനുകളെ അടിസ്ഥാനമാക്കി പ്രയോജനപ്പെടുത്തും.'

- അവർ പറഞ്ഞു. സംസ്ഥാനത്തുടനീളം ഇതുവരെ ട്രൂപ്പ് ആറ് ബുക്കിങ് നേടിയിട്ടുണ്ട്.