/kalakaumudi/media/media_files/WB4RXz9bmdpmIIIXVcni.jpg)
തിരുവനന്തപുരം: തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം ഡ്രൈവറുടെ അനാസ്ഥ മൂലമല്ലെന്ന് ഗതാ​ഗത മന്ത്രി കെ.ബി. ​ഗണേഷ് കുമാർ. ഒരു മോട്ടോർ സൈക്കിൾ യാത്രികനെ രക്ഷിക്കുന്നതിനായി വാഹനം വെട്ടിച്ചപ്പോൾ പരമാവധി ബ്രേക്ക് ചെയ്തിട്ടും വണ്ടി തെന്നി പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
കെ.എസ്.ആർ.ടി.സി. ബസ് അപകടങ്ങളിൽ ഡ്രൈവറുടെമേൽ ബാധ്യത ചുമത്തുന്നത് സംബന്ധിച്ച എം വിൻസെന്റ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു വിശദീകരണം. തിരുവമ്പാടിയിൽ സംഭവിച്ചത് കുറ്റകൃത്യമല്ലെന്നും മറിച്ച് നേരെകൊണ്ടുപോയി ഇടിക്കുന്ന സംഭവങ്ങളുണ്ടെന്നും നടപടി എടുത്തില്ലെങ്കിൽ നടത്തികൊണ്ടുപോകാൻ സാധിക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ഡ്രൈവർക്കും കണ്ടക്ടർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
കെ.എസ്.ആർ.ടി.സി. ബസ് അപകടങ്ങളിൽ കേരളത്തിൽ ശരാശരി ഒമ്പത് മരണങ്ങൾ വരെ സംഭവിച്ചിരുന്നിടത്ത് മദ്യപിച്ച് വണ്ടിയോടിക്കരുതെന്ന നിയമം കർശനമാക്കിയതോടെ അപകടമരണങ്ങൾ കുറഞ്ഞതായി ​മന്ത്രി പറഞ്ഞു. ഒരാഴ്ചയിൽ 48-50 വരെ അപകടങ്ങളായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്. അത് കുറഞ്ഞ് 28 ലേക്ക് വന്നു.
കടുത്ത നടപടികളല്ല സ്വീകരിക്കുന്നത്. ബസിടിക്കുമ്പോൾ ബാധ്യത വച്ചില്ലെങ്കിൽ ഉത്തരാവാദിത്തം ഉണ്ടാവില്ല. ശക്തൻ തമ്പുരാന്റെ ശില്പത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തൃശ്ശൂരിന്റെ വികാരമാണ് ആ പ്രതിമ. കെഎസ്ആർടിസിയും എംഎൽഎയും 10 ലക്ഷം വീതംനൽകിയാണ് ശില്പത്തിന്റെ പുനനിർമാണം നടത്തുന്നത്. വെറുതെ നിന്ന പ്രതിമയല്ലേ.. വട്ടം ചാടിയതൊന്നുമല്ലല്ലോ. കൊണ്ടിടിച്ച ആളുടെ മേൽ ഒരു ഫൈനും ചുമത്തണ്ടെന്ന് പറഞ്ഞാൽ അത് പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
