/kalakaumudi/media/media_files/2024/11/28/wyPAXSgMrbUzEoUwagV8.jpg)
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം നടന്ന കഞ്ചാവ് വേട്ടയ്ക്ക് പിന്നിൽ വൻ സംഘമുണ്ടെന്ന് ആർ.പി.എഫ്. പിടിക്കപ്പെട്ടർ ഇടനിലക്കാർ മാത്രമാണ്. ഇവരെത്തിയ ട്രെയിൻ പോലും ഇവർക്ക് അറിയില്ല. 36,42,250 രൂപ വിലവരുന്ന 72.84 കിലോ കഞ്ചാവ് പൂനെയിൽ നിന്നും 6,69,500 രൂപ വിലവരുന്ന 13.390 കിലോ കഞ്ചാവ് ധൻബാദിൽ നിന്നുമാണ് എത്തിയതെന്ന് ആർ.പി.എഫ് കണ്ടെത്തിയിട്ടുണ്ട്. ഇത് എത്തിച്ച ഇടനിലക്കാർക്ക് 15000 രൂപ പ്രതിഫലം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇവർ വന്ന ട്രെയിനുകൾ ഏതാണെന്നും പിന്നിലുള്ള സംഘത്തെ കണ്ടെത്താനുമുള്ള അന്വേഷണം ആരംഭിച്ചു.
ആർ.പി.എഫും റെയിൽവേ പൊലീസും നടത്തിയ പരിശോധനയിൽ ബീഹാർ സ്വദേശിയായ പപ്പുകുമാർ (33), ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സാഹിദ് (18) എന്നിവരെ ആറാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് എക്സൈസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ പശ്ചിമബംഗാൾ സ്വദേശി മന്ദി ബിസ്വാസുമാണ് (24) പിടിയിലായത്. ഇവർ ഗോത്രവിഭാഗങ്ങളിൽപ്പെട്ടവരാണെന്ന് സംശയമുണ്ട്. ഇവർ സംസാരിക്കുന്ന ഹിന്ദി പലപ്പോഴും മനസിലാവുന്നില്ല. പ്രാദേശിക ഭാഷയിലാണ് സംസാരിക്കുന്നത്. നിരവധി ആളുകൾ വഴി കൈമാറിയാണ് കഞ്ചാവുമായി എത്തിയത്. പൊലീസ് പരിശോധനയുണ്ടെങ്കിൽ വിവരം നൽകാൻ ഓരോ സ്റ്റേഷനുകളിലും ഇവർക്ക് ആളുകളുണ്ടായിരുന്നു. പ്രതികളെ ഇന്നലെ റിമാൻഡ് ചെയ്തു.
ഇന്നലെ പാലക്കാടും കഞ്ചാവ് പിടികൂടിയിരുന്നു. പാലക്കാട് നിന്ന് എറണാകുളം വഴി പോകുന്ന ട്രെയിനിൽ മദ്യം വിറ്റിരുന്ന പാൻട്രി ജീവനക്കാരനെയും ആർ.പി.എഫ് പിടികൂടി.