മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ: പൂര്‍ണപിന്തുണയുമായി സര്‍വകക്ഷിയോഗം

മാലിന്യത്തിന്റെ അളവ് കുറക്കൽ, കൃത്യമായി തരംതിരിക്കൽ, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്കരിക്കൽ, അജൈവ പാഴ് വ സ്തുക്കൾ ഹരിതകർമസേനകൾ വഴി കൈമാറൽ മുതലായ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടത്തും.

author-image
Prana
New Update
waste
Listen to this article
0.75x 1x 1.5x
00:00 / 00:00

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്. മാലിന്യ സംസ്കരണ പ്രവത്തനങ്ങളിൽ സംസ്ഥാന, ജില്ലാ, പ്രദേശിക തലങ്ങളിൽസൃഷ്ടിച്ച മാതൃകകൾ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് കാംപെയിൻ ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനം ചെയ്യേണ്ട മാതൃകാ സ്ഥലങ്ങൾ‌ ഏതൊക്കെയെന്ന് സെപ്റ്റംബർ 20നകം പ്രസിദ്ധപ്പെടുത്തും. ഉദ്ഘാടനത്തിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ സെപ്റ്റംബർ 30 നകം പൂർത്തിയാക്കും. 2025 മാര്‍ച്ച് 30ന് സമ്പൂര്‍ണ്ണ ശുചിത്വകേരളമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.ഇതിന് മുന്നോടിയായി അയല്‍ക്കൂട്ടങ്ങള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ ഹരിതമായി മാറണം.

മാലിന്യത്തിന്റെ അളവ് കുറക്കൽ, കൃത്യമായി തരംതിരിക്കൽ, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്കരിക്കൽ, അജൈവ പാഴ് വ സ്തുക്കൾ ഹരിതകർമസേനകൾ വഴി കൈമാറൽ മുതലായ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടത്തും. കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് ആവശ്യമായ പ്ലാന്‍റുകള്‍ സ്ഥാപിക്കണം. ജലസ്രോതസും നീര്‍ച്ചാലുകളും ശുദ്ധീകരിക്കണം. ശാസ്ത്രീയമായ രീതിയില്‍ ലാന്‍റ് ഫില്ലുകള്‍ ആരംഭിക്കാനാകണം. കൂട്ടായ ഇടപെടലിലൂടെ പൊതുബോധം ഉണ്ടാക്കാനാകണം.