garbage in amayizhanchan canal cm pinarayi vijayan called an emergency meeting
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലെ മാലിന്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ചചെയ്യും.വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക.
തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം - റെയിൽവേ, ആരോഗ്യം, ജലവിഭവ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എം.എൽ.എമാരും തിരുവനന്തപുരം മേയറും യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.
കഴിഞ്ഞ ദിവസം ആമയിഴഞ്ചൻ തോടിൽ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ജോയിയെ ഒഴുക്കിൽപെട്ട് കാണാതാകുകയും മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.സംഭവത്തിനു പിന്നാലെ വൻവിമർശനമാണ് സർക്കാരിനെതിരെ ഉൾപ്പെടെ ഉയർന്നുവരുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
ജോയിയുടെ മൃതദേഹം റെയിൽവേ ടണൽ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകി മാലിന്യക്കൂമ്പാരത്തിൽ തടഞ്ഞ് നിൽക്കുകയായിരുന്നു. അഗ്നി രക്ഷാസേന, സ്കൂബ ഡൈവിങ് ടീം, എൻ.ഡി.ആർ.എഫ്, നാവികസേന തുടങ്ങി വിവിധ സംഘങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. റെയിൽപാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ അതിസാഹസികമായാണ് തിരച്ചിൽ നടത്തിയത്. മാലിന്യം നീക്കാൻ റോബോട്ടിൻറെ സഹായവും ഉപയോഗപ്പെടുത്തിയെങ്കിലും നിരാശയായിരുന്നു ഫലം.