"പലപ്പോഴായി തന്റെ കൈയ്യിൽ നിന്ന് പണം വാങ്ങി" അലക്സ് മാത്യുവിനതിരെ ഗുരുതര ആരോപണങ്ങളുമായി ഗ്യാസ് ഏജൻസി ഉടമ എസ് മനോജ്

മറ്റു വഴികളില്ലാത്തതിനാലാണ് നേരത്തെ പണം കൊടുക്കേണ്ടിവന്നത്. ഉദ്യോഗസ്ഥനെ കുടുക്കിയാൽ ഏജന്‍റിനോട് എങ്ങനെ കമ്പനി പെരുമാറുമെന്ന ഭയമുണ്ടായിരുന്നുവെന്നും മനോജ് പറഞ്ഞു. 

author-image
Rajesh T L
New Update
byuq

തിരുവനന്തപുരം ∙ കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഇന്ത്യൻ‌ ഓയിൽ കോർപറേഷൻ (ഐഒസി) ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരനായ ഗ്യാസ് ഏജന്‍സി ഉടമ എസ്. മനോജ്.

അലക്സ് മാത്യുവിനെ തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് പരാതി നൽകിയതെന്ന് മനോജ് പറയുന്നു. വലിയ ലാഭമൊന്നും ഇപ്പോള്‍ ഗ്യാസ് ഏജന്‍സിയിൽനിന്നു ലഭിക്കുന്നില്ല. നിലവിലുള്ള ഉപഭോക്താക്കളെ നിലനിർത്തണമെങ്കിൽ പത്ത് ലക്ഷം കൈക്കൂലിയായി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അതു നൽകാൻ വൈകിയപ്പോഴാണ് 1200 ഉപഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റിയതെന്നും മനോജ് പറയുന്നു.

പ്ലാന്‍റിൽനിന്നു സിലിണ്ടര്‍ ലോഡ് കിട്ടാൻ താമസിക്കുന്ന സമയത്ത് അലക്സ് മാത്യുവിനെ വിളിക്കുമ്പോള്‍ ഇടയ്ക്ക് വന്ന് കാണണമെന്ന് പറയുമായിരുന്നു. വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ് ഇത്. അങ്ങനെ പലപ്പോഴായി പതിനായിരവും അയ്യായിരവുമൊക്കെ വാങ്ങിയിരുന്നു. പിന്നീട് അലക്സ് മാത്യു കോഴിക്കോട്ടേയ്ക്കു ട്രാന്‍സ്ഫറായി. ഇതിനുശേഷം കൊച്ചിയിൽ തിരിച്ചെത്തിയപ്പോള്‍ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തി. മറ്റു വഴികളില്ലാത്തതിനാലാണ് നേരത്തെ പണം കൊടുക്കേണ്ടിവന്നത്. ഉദ്യോഗസ്ഥനെ കുടുക്കിയാൽ ഏജന്‍റിനോട് എങ്ങനെ കമ്പനി പെരുമാറുമെന്ന ഭയമുണ്ടായിരുന്നുവെന്നും മനോജ് പറഞ്ഞു. 

മറ്റു വഴികളില്ലാതെ ആയതോടെയാണ് പണത്തിനായി വീട്ടിലേക്ക് വന്നപ്പോൾ വിജിലൻസിനെ അറിയിച്ച് കുടുക്കിയത്. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മനോജ് പറഞ്ഞു.

അതേസമയം, കൈക്കൂലി കേസിൽ അറസ്റ്റിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനെ സസ്പെൻഡ് ചെയ്തു. ഇയാളെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അലക്സ് മാത്യുവിന്‍റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് വൻ നിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു. ഇയാളുടെ വീട്ടില്‍ വന്‍തോതില്‍ മദ്യശേഖരവുമുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

സാമ്പത്തിക ഇടപാടിന്‍റെ മറ്റു ചില രേഖകളും കൊച്ചിയിലെ വീട്ടിൽനിന്നു പിടികൂടിയിട്ടുണ്ട്. കൊച്ചിയിലെ ഐഒസിയുടെ ഓഫിസിലും രാത്രിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. അലക്സ് മാത്യു ഐഒസി അസിസ്റ്റന്റ് മാനേജരായതു മുതല്‍ കൈക്കൂലി വാങ്ങിയിരുന്നതായാണ് സൂചന. കൂടുതല്‍ പരാതികളുണ്ടോ എന്നും അന്വേഷിക്കുന്നതായി വിജിലൻസ് പറഞ്ഞു.

kerala news gas bribe case bribery allegation bribery