കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ ട്രിഗറിംങ് ഫാക്ടർ കനത്ത മഴ;  ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ ട്രിഗറിംങ് ഫാക്ടർ കനത്ത മഴ തന്നെയാണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. അപകടമുണ്ടായ പ്രദേശത്ത് 2018 മുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്.

author-image
Anagha Rajeev
New Update
wayanad disaster land
Listen to this article
0.75x1x1.5x
00:00/ 00:00

വയനാട് മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. പ്രദേശത്ത് നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പാരിസ്ഥിതിക ആഘാതം അടക്കം ദുരന്തത്തിന് കാരണമായിട്ടുണ്ടോ എന്ന് വിശദമായ പഠനത്തിന് ശേഷം അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കും.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ ട്രിഗറിംങ് ഫാക്ടർ കനത്ത മഴ തന്നെയാണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. അപകടമുണ്ടായ പ്രദേശത്ത് 2018 മുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. 2019ൽ പുത്തുമലയിലേത് ഉൾപ്പടെ വെള്ളരിമലിയും ചൂരൽമലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകൾ സംഭവിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം വാരം മുതൽ ഈ മേഖലകളിൽ തുടർച്ചയായി മഴ പെയ്തിട്ടുണ്ട്.

ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറിൽ പുത്തുമലയിൽ പെയ്തിറങ്ങിയത് 372.6 മി.മീ മഴയാണ്, തെറ്റമലയിൽ 409 മി.മീ മഴയും. സമീപപ്രദേശങ്ങളിലെല്ലാം മഴ കനത്തുപെയ്തു. തുടർച്ചയായി മഴ പെയ്ത് നനഞ്ഞു കുതിർന്ന് കിടന്ന പ്രദേശത്ത്, അധികമായി കനത്ത മഴ പെയ്തിറങ്ങിയപ്പോൾ മർദ്ദം താങ്ങാനായില്ല. അതാണ് ഉരുൾപൊട്ടലിനിടയാക്കിയത് എന്നാണ് ജിഎസ്ഐ കണ്ടെത്തൽ. ഉരുൾപൊട്ടലിനെ തുടർന്ന് പാറക്കലുകളും, മണ്ണും ചെളിയും, വെള്ളവും ഏഴ് കി.മീ ദൂരത്തോളം ഒഴുകി. ദ്രുതഗതിയിൽ അവശിഷ്ടങ്ങൾ ഒഴുകിയ ആ കുത്തൊഴുക്കിൽ പുന്നപ്പുഴയുടെ ഗതി മാറി. അങ്ങനെ മുണ്ടക്കൈയും ചൂരൽമലയും ശവപ്പറമ്പായി മാറിയെന്നാണ് റിപ്പോർട്ട്.

Wayanad landslide Geological Survey of India