/kalakaumudi/media/media_files/2025/09/08/sreejith-2025-09-08-11-47-49.jpg)
കോട്ടയം: ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ ഭാവി വികസനത്തിനുള്ള പദ്ധതിയാണെന്ന് എഡിജിപി എസ് ശ്രീജിത്ത്. ശബരിമലയിൽ ഇനി എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടാകണം എന്നത് ചർച്ച ചെയ്യുന്നതിനാണ് അയ്യപ്പ സംഗമം. എല്ലാ സംഘടനകളുടെയും പിന്തുണയുണ്ടാവണം. എസ്എൻഡിപി യോഗം വൈക്കം യൂണിയന്‍റെ ചതയ ദിന പരിപാടിയിലാണ് ശ്രീജിത്തിന്‍റെ പ്രസംഗം. ദേവസ്വം മന്ത്രി വി എൻ വാസവനും വേദിയിലുണ്ടായിരുന്നു. ശബരിമല തീർത്ഥാടനം വിജയിച്ചതിന് കാരണം വി എൻ വാസവൻ ആണെന്നും ശ്രീജിത്ത് പറഞ്ഞു. പൊലീസുകാർ ആവശ്യപ്പെട്ടതെല്ലാം മനസ്സറിഞ്ഞു തന്ന് സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബർ 20ന് പമ്പയിലാണ് അയ്യപ്പ സംഗമം. ദേവസ്വം ബോർഡ് പ്രസിഡന്‍റ് നേരിട്ട് ചെന്ന് എസ്എൻഡിപി, എൻഎസ്എസ് ജനറൽ സെക്രട്ടറിമാരെ ക്ഷണിച്ചിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻഎസ്എസ് ആസ്ഥാനത്ത് നേരിട്ട് എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ക്ഷണിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി അറിയിച്ചത്. അതിനാൽ എൻഎസ്എസിന്‍റെ പ്രതിനിധിയെ അയക്കും. ഉപാധികളോടെ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണയ്ക്കുമെന്ന് എൻഎൻഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു