/kalakaumudi/media/media_files/2026/02/13/agola-ayyappa-sangamam-2026-02-13-12-23-28.jpg)
പത്തനംതിട്ട: പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിൽ നടന്നത് വൻ ക്രമക്കേടുകളെന്ന് റിപ്പോർട്ട്. അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ എട്ടു ലക്ഷത്തിന്റെ ബിൽ കണക്കിൽപ്പെടുത്തി.
എന്നാൽ ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവർ എത്തുകയോ ചെയ്തിട്ടില്ല. സംഗമം നടന്ന ദിവസം രാവിലെ ഭക്തിഗാന സദസ്സാണ് നടന്നത്.എന്നാൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ നന്ദഗോവിന്ദം ഭജൻസിന്റെ പേരാണ് കാണിച്ചിരിക്കുന്നത്. പമ്പയിലോ സന്നിധാനത്തോ ഇതുവരെ പരിപാടികൾ അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജൻസിന്റെ പ്രവർത്തകർ വ്യക്തമാക്കി.
ഗായകൻ ഇഷാൻദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്തിഗാനസദസ് അവതരിപ്പിച്ചത്. അവർക്ക് എത്ര രൂപ നൽകിയെന്ന് റിപ്പോർട്ടിൽ വ്യക്തമല്ല. കലാപരിപാടിക്ക് രണ്ടുലക്ഷം രൂപയുടെ ബജറ്റാണ് നിശ്ചയിച്ചിരുന്നത്.
ശബരിമല സ്‌പെഷൽ കമ്മീഷണറുടെ റിപ്പോർട്ടും, ദേവസ്വം ബോർഡ് ഓഡിറ്റ് ചെയ്ത കണക്കും ഹൈക്കോടതിയുടെ മുന്നിലാണ്. സംഗമത്തിന്റെ അന്ന് വൈകീട്ട് വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് കുമാർ എന്നിവരുടെ അയ്യപ്പഭക്തിഗാനമേള നടന്നിരുന്നു. എന്നാൽ ഇതിന്റെ ചെലവും കണക്കുകളില്ല. അയ്യപ്പ സംഗമത്തിനായി മൊത്തം 10.99 കോടി രൂപ ചെയലവായെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ടാക്‌സി ചാർജ് ഇനത്തിൽ 10.57 ലക്ഷവും സുരക്ഷാ വേലിക്കായി 3.24 ലക്ഷവും, മുഖ്യമന്ത്രിയുടെ വിശ്രമത്തിന് കട്ടിലും മെത്തയും വാങ്ങിയ ഇനത്തിൽ ഒരു ലക്ഷം രൂപയും ചെലവായതായി കണക്കുകൾ വ്യക്തമാക്കുന്നു.ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലെ കണക്കുകളിലെ പൊരുത്തക്കേടുകൾ വ്യക്തമായതോടെ, വിവാദങ്ങളിൽ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് സർക്കാരും ദേവസ്വം ബോർഡും.
ചൊവാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിർണായക യോഗം ചേരും. മുഴുവൻ കണക്കുകളുമായി എത്താൻ കരാർ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് മുഴുവൻ കണക്കുകളുമായി എത്താൻ നിർദേശം നൽകിയത്. ഓഡിറ്റിംഗ് നടത്തിയ വിജയൻ ആൻഡ് അസോസിയേറ്റ് എന്ന സ്ഥാപനവും യോഗത്തിൽ പങ്കെടുക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
