കൊച്ചി: സ്വർണ വിലയിലെ കുതിപ്പ് രാജ്യത്തെ ജുവലറി മേഖലയെ മാന്ദ്യത്തിലേക്ക് നീക്കുന്നു. റെക്കാഡുകൾ കീഴടക്കി സ്വർണ വില കുതിച്ചതോടെ വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവയോട് അനുബന്ധിച്ചുള്ള വില്പന മാത്രമാണ് ജുവലറികളിൽ പ്രധാനമായും നടക്കുന്നത്. അടുത്ത മാസങ്ങളിൽ വില താഴേക്ക് നീങ്ങുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ വാങ്ങൽ തീരുമാനം നീട്ടിവെക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. വേൾഡ് ഗോൾഡ് കൗൺസിലും സമാനമായ അഭിപ്രായമാണ് പങ്കുവെക്കുന്നത്. സ്വർണ വിലയിലെ വൻ കുതിപ്പ് മൂലം ഇന്ത്യയിലെ സ്വർണ വില്പന നാല് വർഷത്തെ ഏറ്റവും കുറഞ്ഞ തലത്തിലെത്തുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽലിന്റെ ഇന്ത്യ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിലെ സ്വർണ ഉപഭോഗത്തിൽ 1.7 ശതമാനം കുറവുണ്ടായിരുന്നു. നടപ്പുവർഷം ആദ്യ നാല് മാസങ്ങളിൽ സ്വർണ വിലയിൽ 13 ശതമാനം വർദ്ധനയുണ്ടായി. നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് താത്പര്യമേറുന്നുണ്ടെങ്കിലും ആഭരണങ്ങളായി വാങ്ങുന്നതിൽ വലിയ ആവേശം ദൃശ്യമല്ല. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിലെ സ്വർണ ഉപഭോഗം എട്ടു ശതമാനം ഉയർന്ന് 150 ടണ്ണിലെത്തിയെന്നും വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു.
ഇതിനിടെ വിദേശ നാണയ ശേഖരം വൈവിദ്ധ്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ആദ്യ മൂന്ന് മാസങ്ങളിൽ 19 ടൺ സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയത്. കഴിഞ്ഞ വർഷം 16 ടൺ സ്വർണം വാങ്ങിയിരുന്നു. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും സ്വർണത്തിന് പ്രിയം കൂട്ടുന്നു. രാജ്യത്തെ മൊത്തം വിദേശ നാണയ ശേഖരം 63572 കോടി ഡോളറിലെത്തിയിരുന്നു. നിലവിൽ റിസർവ് ബാങ്കിന്റെ കൈവശം 820 ടണ്ണിലധികം സ്വർണമാണുള്ളത്.
വിലയിൽ വർദ്ധന
കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഇന്നലെ ഗ്രാമിന് 10 രൂപ വർദ്ധിച്ച് 8055 രൂപയും പവന് 64440 രൂപയുമായി. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലി, ജി.എസ്.ടി ഉൾപ്പെടെ 70,000 രൂപയിലേറെ നൽകേണ്ടി വരും. 64, 560 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഉയർന്ന വില. അടുത്ത ദിവസങ്ങളിൽ ഈ റെക്കാഡ് വിലയും മറികടക്കുമെന്നാണ് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, 22 കാരറ്റ് സ്വർണത്തിന് വില കൂടുന്നതിനാൽ ഉപഭോക്താക്കൾ 18 കാരറ്റ് സ്വർണം വാങ്ങാൻ താത്പര്യം കാട്ടുന്നതായി ചില സ്വർണവ്യാപാരികൾ പറയുന്നു. 18 കാരറ്റ് സ്വർണത്തിന് ഇന്നലെ ഗ്രാമിന് 6591 രൂപയും പവന് 52.728 രൂപയുമാണ് രേഖപ്പെടുത്തിയത്.
വില നിശ്ചയിക്കുന്നത്
ആഗോളവിപണിയിലെ വില
മുബയ് വിപണിയിലെ വില
ഡോളർ-രൂപ വിനിമയ നിരക്ക്