കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ഗോപിക ഗോവിന്ദ് ഇനി വിമാനത്തിലും ആഥിത്യമരുളും

കണ്ണൂരിലെ ആദിവാസി സമൂഹത്തില്‍ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളായി ജനിച്ച ഗോപിക സാമ്പത്തിക ബുദ്ധിമുട്ടുകളും പരിമിതമായ അവസരങ്ങളും മറികടന്നാണ് ഈ നാഴികക്കല്ല് കൈവരിച്ചത്.

author-image
Biju
New Update
jhjhh

കണ്ണൂര്‍: പൊതുവേ ഇന്ത്യയിലെയും കേരളത്തിലെയുമൊക്കെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഗോത്രവര്‍ഗത്തില്‍ നിന്നുള്ളവര്‍ കടന്നുവരുന്നത് വളരെ വിരളമായിട്ടായിരുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍.

എന്നാല്‍ ഇന്ന് സാഹചര്യം മാറി ജില്ലാ കളക്ടര്‍മാര്‍ മുതല്‍ രാജ്യത്തിന്റെ പ്രഥമ വനിതയാകുന്നതുവരെ ഗോത്രവര്‍ഗത്തില്‍ നിന്നുള്ള വനിതകളെ രാജ്യം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. വേണ്ട സഹായങ്ങളെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിവരുമ്പോള്‍ ഏത് പദവിയിലുമെത്തി കഴിവ് തെളിയിക്കാന്‍ മുന്നോട്ടുവരുന്ന അവരില്‍ നിന്നും ഇപ്പോള്‍ കേരളത്തിന്റെ മകളായ ഒരു എയര്‍ഹോസ്റ്റസ് കൂടി എത്തിയിരിക്കുകയാണ്.

കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ഗോപിക ഗോവിന്ദ് ഇനി വിമാനത്തിലും ആഥിത്യമരുളും. ഗോപികയുടെ പ്രചോദനാത്മകമായ യാത്ര എയര്‍ ഹോസ്റ്റസ് ആകുക എന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിലെ മനക്കരുത്തും ദൃഢനിശ്ചയവും പ്രതിഫലിപ്പിക്കുന്നതാണ്. അതിനപ്പുറം ഉള്ളില്‍ സ്വപ്നങ്ങളുണ്ടെങ്കില്‍ പറക്കാന്‍ ചിറകുകളേ ആവശ്യമില്ല എന്നതിന്റെ തെളിവാണ്.

കണ്ണൂരിലെ ആദിവാസി സമൂഹത്തില്‍ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളായി ജനിച്ച ഗോപിക സാമ്പത്തിക ബുദ്ധിമുട്ടുകളും പരിമിതമായ അവസരങ്ങളും മറികടന്നാണ് ഈ നാഴികക്കല്ല് കൈവരിച്ചത്. എയര്‍ ഹോസ്റ്റസ് ആകാന്‍ ചെറുപ്പം മുതലേ ആഗ്രഹം ഉണ്ടായിരുന്നു. അതിന് ആഗ്രഹം മാത്ര പോരാ, പണം കൂടി വേണം എന്ന് തിരിച്ചറിഞ്ഞ് ഗോപിക പ്ലസ് ടുവിന് ശേഷം എയര്‍ഹോസ്റ്റസ് മോഹം ഉള്ളിലൊതുക്കി ബിരുദ പഠനത്തിനു ചേര്‍ന്നു. ബിരുദത്തിനു ശേഷം ജോലിയില്‍ പ്രവേശിച്ച ഗോപിക വീണ്ടും എയര്‍ ഹോസ്റ്റസ് ആകുക എന്ന സ്വപ്നം പൊടിതട്ടിയെടുത്തു. അങ്ങനെയാണ് വയനാട് ഡ്രീം സ്‌കൈ ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമിയില്‍ നിന്നും ഗോപിക ഡിപ്ലോമ നേടുന്നത്.  

കോഴ്‌സിന് ഇടയില്‍ത്തന്നെ ഗോപിക നിരവധി അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തിരിച്ചടികളായിരുന്നു ഫലം. ആദ്യഘട്ടങ്ങളിലെ തിരിച്ചടികളില്‍ തളരാതെ സ്ഥിരോത്സാഹത്തിലൂടെ മുന്നോട്ട് പോയ ഗോപികയുടെ പ്രയത്‌നം ഒടുവില്‍ ഫലം കണ്ടു. മൂന്ന് മാസത്തെ പരിശീലനത്തിനുശേഷം കണ്ണൂരില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനത്തില്‍ ക്യാബിന്‍ ക്രൂ ആയി ഗോപിക പറന്നു. ആ നിമിഷം ഗോപികയുടെ മാത്രം പ്രൊഫഷണല്‍ നാഴികക്കല്ല് ആയിരുന്നില്ല  ആദിവാസി, പിന്നാക്ക സമൂഹങ്ങളില്‍ നിന്നുള്ള എണ്ണമറ്റ പെണ്‍കുട്ടികള്‍ക്ക് സ്ഥിരോത്സാഹത്തിന്റെയും പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും പ്രതീകമായിരുന്നു.

ആത്മവിശ്വാസത്തിന് ഊന്നല്‍ നല്‍കി കഠിനാധ്വാത്തിലൂടെ നിര്‍ഭയമായി സ്വപ്നങ്ങളെ പിന്തുടരാനാണ് തനിക്കു പിന്‍പേ വരുന്ന പെണ്‍കുട്ടികളോട് ഗോപികയ്ക്ക് പറയാനുള്ളത്. ആകാശം പോലും പരിധിയാക്കാതെ സാക്ഷാത്കരിച്ച സ്വപ്‌നങ്ങള്‍ ഈ വിജയത്തിന് സാക്ഷ്യം പറയും.

airhostess