പേരില്‍ വിവാദമായ സര്‍ക്കാര്‍ ബ്രാന്‍ഡി ശനിയാഴ്ച പുറത്തിറങ്ങും

ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാന്‍ഡിക്ക് ഇടുമെന്നും തിരഞ്ഞെടുത്ത് പേരിന് 10,000 രൂപ സമ്മാനമായി നല്‍കുമെന്നും ബെവ്‌കോ എംഡി പ്രഖ്യാപിച്ചിരുന്നു.

author-image
Biju
New Update
brandy

തിരുവനന്തപുരം: പേര് നിര്‍ദേശത്തിലൂടെ വിവാദമായ സര്‍ക്കാര്‍ ബ്രാന്‍ഡി ഈ മാസം 21ന് പുറത്തിറക്കും. പാലക്കാട് മലബാര്‍ ഡിസ്റ്റലറിയില്‍ ഉത്പാദനം നടത്തുന്ന ബ്രാന്‍ഡിയുടെ പേര് ഇപ്പോഴും സര്‍പ്രൈസ് ആയിത്തന്നെ തുടരുകയാണ്. നേരത്തെ പൊതുജനങ്ങളില്‍ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. വിപണിയില്‍ 21 മുതല്‍ എത്തുന്ന സര്‍ക്കാരിന്റെ ബ്രാന്‍ഡിക്ക് വിലയും കുറവായിരിക്കും. നിലവില്‍ സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്നത് ജവാന്‍ റം മാത്രമാണ്.

ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാന്‍ഡിക്ക് ഇടുമെന്നും തിരഞ്ഞെടുത്ത് പേരിന് 10,000 രൂപ സമ്മാനമായി നല്‍കുമെന്നും ബെവ്‌കോ എംഡി പ്രഖ്യാപിച്ചിരുന്നു. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കേസില്‍ അബ്കാരി ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പുതിയ ബ്രാന്‍ഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്ന നടപടിയും സ്വീകരിച്ചു. പരസ്യം വിവാദമായതോടെ ബെവ്‌കോ ഇങ്ങനെയൊരു പരസ്യമേ നല്‍കിയിട്ടില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബെവ്‌കോയ്ക്ക് ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിവില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പഞ്ഞു.

അതേ സമയം, സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതല്‍ രാവിലെ പത്തു മുതല്‍ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാല്‍ പുതിയ സമയക്രമം പ്രാബല്യത്തിലാകും. നിലവില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായായിരുന്നു രാവിലെ 10 മുതല്‍ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. ഇതിനുപുറെ പുതുവത്സര തലേന്ന് അടക്കം അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.