തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടു

സ്‌കൂള്‍ മാനേജ്മെന്റ് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു കൈമാറി. സ്‌കൂള്‍ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്.

author-image
Biju
New Update
school

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി എം.മിഥുന്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിനെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍. സ്‌കൂള്‍ മാനേജ്മെന്റ് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു കൈമാറി. സ്‌കൂള്‍ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്.

''മിഥുന്‍ കേരളത്തിന്റെ മകനാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച് മേയില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ചെക്ക്ലിസ്റ്റ് തയാറാക്കി തുടര്‍നടപടി എടുക്കും. ഉദ്യോഗസ്ഥ സംഘം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്‌കൂള്‍ മാനേജര്‍ തുളസീധരന്‍ പിള്ളയുടെ ഭാഗത്തു ഗുരുതരവീഴ്ചയുണ്ടായെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്നു നീക്കിയത്''   മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സേഫ്റ്റി സെല്‍ രൂപീകിരിച്ചതായും പൊതുജനങ്ങള്‍ക്കു പരാതിയുണ്ടെങ്കില്‍ ഈ സെല്ലിനെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.

മിഥുന്റെ കുടുംബത്തിന് വീട് വച്ചു നല്‍കുന്നതിനു ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പി.ഡി. അക്കൗണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറി. 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സംഘടനയായ കെഎസ്ടിഎ 10 ലക്ഷം രൂപ ധനസഹായം ഉടന്‍ തന്നെ കൈമാറും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ നടപടികളിലേക്കു പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ജൂലൈ 17ന് രാവിലെയാണ് സ്‌കൂളിനു മുന്നിലെ ഷെഡിനു മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയ വിദ്യാര്‍ഥി താഴ്ന്നുകിടന്നിരുന്ന വൈദ്യുതിലൈനില്‍ നിന്നു ഷോക്കേറ്റു മരിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസി.എന്‍ജിനീയര്‍ എന്നിവരെ പ്രതിയാക്കി ശാസ്താംകോട്ട പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

Thevalakkara Midhun Death