/kalakaumudi/media/media_files/2025/12/02/sarkkar-2025-12-02-13-19-32.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിവസം അഞ്ചാക്കി മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി സർവീസ് സംഘടനാ പ്രതിനിധികളെ ചർച്ചയ്ക്കു വിളിച്ചു.
അഞ്ചിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. എല്ലാ അംഗീകൃതസർവീസ് സംഘടനാ പ്രതിനിധികളെയും ഈ യോഗത്തിൽ ക്ഷണിച്ചിട്ടുണ്ട്.
നിലവിലെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാതെയാണ് പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ചാക്കി കുറയ്ക്കുന്നതിനോട് സർവീസ് സംഘടനകൾക്ക് അനുകൂല നിലപാടാണ്. കഴിഞ്ഞ ഓഗസ്റ്റിൽ പൊതുഭരണസെക്രട്ടറി യോഗം വിളിച്ചെങ്കിലും അവസാന നിമിഷം മാറ്റിയിരുന്നു.
2014 ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശനി അവധിയാക്കാൻ തീരുമാനിച്ചു എങ്കിലും മന്ത്രിസഭയിൽ എതിരഭിപ്രായം ഉയർന്നതിനെത്തുടർന്ന് അത് ഉപേക്ഷിക്കുകയായിരുന്നു.
വെള്ളം, വൈദ്യുതി വാഹനം തുടങ്ങിയ ചെലവുകൾ കുറയുമെന്നാണ് സർക്കാർ പ്രധാന നേട്ടമായി കണ്ടത്. എന്നാൽ സാധാരണക്കാർക്കു ലഭിക്കുന്ന സേവനത്തിൽ കുറവുണ്ടാകുമെന്നതാകും ഫലമെന്നു വിലയിരുത്തി നിർദേശം മന്ത്രിസഭ തള്ളി.
ഒന്നാം പിണറായി വിജയൻ സർക്കാർ ഇതേ ശുപാർശയുമായി മുന്നോട്ടുവന്നപ്പോൾ സർവീസ് സംഘടനകൾ സ്വാഗതം ചെയ്തു.
പക്ഷേ, ചർച്ചയിൽ സർക്കാർ ഉപാധി വച്ചപ്പോൾ സംഘടനകൾ എതിർത്തു.
പഞ്ചിങ് പൂർണമായി ഏർപ്പെടുത്തിയിട്ടു മതി പരിഷ്‌കാരമെന്ന് അന്നത്തെ ചീഫ് സെക്രട്ടറി വി.പി.ജോയിയും നിലപാടെടുത്തു.
സർക്കാർ ജീവനക്കാരെ സന്തോഷിപ്പിക്കുന്ന നടപടിയുടെ ഭാഗമായാണ് ഇപ്പോൾ വീണ്ടും ചർച്ച. കാഷ്വൽ അവധി 20 ൽ നിന്ന് 15 ആക്കുക, ആർജിതാവധി വർഷം 33 ൽ നിന്ന് 30 ആയി കുറയ്ക്കുക.
45 മിനിറ്റ് ഉച്ചഭക്ഷണസമയത്തിൽ 15 മിനിറ്റ് കുറയ്ക്കുക. രാവിലെ ഓഫീസ് സമയം 45 മിനിറ്റ് നേരത്തേയാക്കുക. വൈകിട്ട് ഓഫീസ് സമയം 15 മിനിറ്റ് വൈകിപ്പിക്കുക.
അവധി സറണ്ടർ ഒഴിവാക്കാകയോ കുറയ്ക്കുകയോ ചെയ്യുക എന്നീ മാറ്റങ്ങളാണ് 5 ദിവസം പ്രവൃത്തിദിനം ആക്കുന്നതിനോടൊപ്പം നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
