/kalakaumudi/media/media_files/2026/01/22/raveendru-2026-01-22-11-32-10.jpg)
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി പ്രൊഫസർ ഡോ. പി രവീന്ദ്രനെ നിയമിച്ച് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കഴിഞ്ഞ ഒന്നരവർഷമായി കാലിക്കറ്റ് സർവകലാശാലയുടെ താൽക്കാലിക വിസിയായി ഡോ. രവീന്ദ്രൻ തുടരുകയാണ്. വൈസ് ചാൻസലർ നിയമനത്തിനായി നിയമിച്ച മൂന്നംഗ സമിതി തയ്യാറാക്കിയ പാനലിൽനിന്നാണ് ചാൻസലർ ഡോ. രവീന്ദ്രനെ നിയമിച്ചത്.
നാലുവർഷത്തേക്കാണ് നിയമനം.ഏറെ വിവാദങ്ങൾക്ക് ശേഷമാണ് കാലിക്കറ്റ് സർവകലാശാല വിസി നിയമനം നടന്നത്. ചാൻസലറുടെ നിർദ്ദേശാനുസരണം നാലുതവണ സെനറ്റ് യോഗം ചേർന്നശേഷമാണ് ഹൈക്കോടതിയുടെ കൂടി നിർദ്ദേശപ്രകാരം സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുത്തത്. ഗവർണർ നിയമിച്ച സെർച്ച് കമ്മിറ്റി കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ അപേക്ഷകരായ 35 പേരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അഞ്ചംഗ പാനൽ ഗവർണർക്ക് സമർപ്പിച്ചത്.
പതിവിനു വിപരീതമായി സെർച്ച് കമ്മിറ്റി അംഗങ്ങൾ മൂന്നുപേരും നേരിട്ട് ഗവർണറെ സന്ദർശിച്ചാണ് പാനൽ കൈമാറിയത്.വിസി തെരഞ്ഞെടുപ്പിനുള്ള അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച ലോക് ഭവന്റെ നടപടി ചോദ്യം ചയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിസി നിയമന നടപടി തടയാൻ വിസമ്മതിച്ച ഹൈക്കോടതി ഹർജി 27-ാം തീയതിലേക്ക് മാറ്റി. കോടതിവിധിക്ക് വിധേയമായാണ് ഗവർണർ വിസി നിയമന ഉത്തരവിൽ ഒപ്പുവെച്ചത്. കാലിക്കറ്റ് സർവകലാശാല വിസി നിയമനം നടന്നതോടെ സംസ്ഥാനത്തെ 14 സർവകലാശാലകളിൽ നാലിടത്ത് സ്ഥിരം വിസിമാർ നിയമിതരായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
