/kalakaumudi/media/media_files/2024/11/27/fvoeztOsffywZor0MQO2.jpg)
ഡോക്ടര്‍ സിസ തോമസിന് ഡിജിറ്റല്‍ സര്‍വകലാശാല വിസിയുടെ ചുമതല നല്‍കി ഗവര്‍ണര്‍. ഡോക്ടര്‍ കെ ശിവപ്രസാദിന് കെടിയു വിസിയുടെ താത്ക്കാലിക ചുമതലയും നല്‍കി. കുസാറ്റ് ഷിപ് ടെക്‌നോളജി പ്രൊഫസറാണ് ശിവപ്രസാദ്. അനുമതി വാങ്ങാതെ പദവി വഹിച്ചതിന് ഡോക്ടര്‍ സിസയ്‌ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അതിനിടെയാണ് പുതിയ നിയമനം. നടപടി സുപ്രീം കോടതി റദ്ദാക്കിയിട്ടും പെന്‍ഷന്‍ പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
കഴിഞ്ഞ ഒരു മാസമായി ഡിജിറ്റല്‍ സര്‍വകലാശാലയുടെയും സാങ്കേതിക സര്‍വ്വകലാശാലയുടെയും വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. രണ്ടിന്റെയും ചുമതല വഹിച്ചിരുന്നത് ഡോക്ടര്‍ സജി ഗോപിനാഥായിരുന്നു. ഇതിന് ശേഷം സര്‍ക്കാര്‍ രണ്ടിടത്തേക്കും മൂന്ന് പേരടങ്ങിയ ഒരു പാനല്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ പാനല്‍ തള്ളിക്കൊണ്ടാണ് രണ്ടിടത്തേക്കും ഗവര്‍ണര്‍ താത്ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത്.
സര്‍ക്കാരിന് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോക്ടര്‍ സിസ തോമസിനെ നിയമിച്ചതാണ്. കഴിഞ്ഞ തവണ സാങ്കേതിക സര്‍വകലാശാലയുടെ താത്ക്കാലിക ചുമതലയില്‍ സിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചിരുന്നു. അന്ന് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണു നിയമനം നടത്തിയത്. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വിരമിച്ചിട്ട് പോലും അവര്‍ക്കെതിരെ നിരവധി അന്വേഷണങ്ങള്‍ നടത്തി. പെന്‍ഷന്‍ പോലും തടയുന്ന അവസ്ഥയുണ്ടായി. ഇതിനെതിരെ സിസ തോമസ് സുപ്രീംകോടതിയില്‍ കേസ് നല്‍കിയിരുന്നു. സുപ്രീം കോടതി സര്‍ക്കാരിന്റെ എല്ലാ നടപടികളും റദ്ദാക്കി. എന്നിട്ടും സിസ തോമസിന് ഇപ്പോഴും പെന്‍ഷന്‍ നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
