ഗവര്‍ണര്‍ ക്യാംപസുകളെ കാവിവത്കരിക്കുന്നു: എം.വി ഗോവിന്ദന്‍

ആര്‍എസ്എസ് കാവിവത്കരണത്തിനായി ഗവര്‍ണറെ ഉപയോഗിക്കുന്നു. ഗവര്‍ണറുടെ ഈ നടപടി സംബന്ധിച്ച് യുഡിഎഫുകാരുടെ നിലപാട് അറിയാന്‍ താല്‍പര്യമുണ്ട്.

author-image
Prana
New Update
MV Govindan

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാമ്പസുകളെ അദ്ദേഹം കാവിവത്കരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഹൈക്കോടതി വിധിയെയും ഭരണഘടനാപരമായ എല്ലാത്തിനേയും വെല്ലുവിളിക്കുകയാണ് ഗവര്‍ണറെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആര്‍എസ്എസ് കാവിവത്കരണത്തിനായി ഗവര്‍ണറെ ഉപയോഗിക്കുന്നു. ഗവര്‍ണറുടെ ഈ നടപടി സംബന്ധിച്ച് യുഡിഎഫുകാരുടെ നിലപാട് അറിയാന്‍ താല്‍പര്യമുണ്ട്. ആദ്യം യുഡിഎഫുകാരെയായിരുന്നു ചില സംഘപരിവാര്‍ വിഭാഗത്തോടൊപ്പം ഇത്തരം പോസ്റ്റുകളില്‍ ഗവര്‍ണര്‍ നിയമിച്ചിരുന്നത്. അങ്ങനെ നിയമിച്ചപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമായി. കാരണം ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നവരെയും പുരോഗമന സമീപനങ്ങള്‍ ഉള്‍ക്കൊള്ളുന്നവരേയും ഒഴിവാക്കി ആര്‍എസ്എസുകാരെ മാത്രമല്ല ഞങ്ങളെക്കൂടി പരിഗണിക്കുന്നു എന്നതായിരുന്നു യുഡിഎഫിന്റെ ധാരണ. ആ ധാരണ ഇപ്പോഴും അവര്‍ക്കുണ്ടോ? ഈ നിലപാടിനോടുള്ള അവരുടെ സമീപനമെന്താണെന്ന് വ്യക്തമാക്കണം, എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
കാവിവത്കരണത്തിന്റെ ഭാഗമായി ഗവര്‍ണര്‍ നടത്തുന്ന നടപടികളെ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളും കോളേജുകളും വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും എല്ലാം മതനിരപേക്ഷ ഇന്ത്യയോട് താല്‍പര്യമുള്ള മുഴുവന്‍ ജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കുന്നതിനുള്ള ശക്തമായ സമരങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അത് കേവലം പത്രസമ്മേളനത്തില്‍ പറഞ്ഞ് അവസാനിപ്പിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷ ഉള്ളടക്കത്തെ സംരക്ഷിക്കുന്നതിനായുള്ള അതിശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ആശയപ്രചരണങ്ങളും കേരളത്തിലുടനീളം സംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

governor arif mohammed khan mv govindan cpm saffron