ഗോവിന്ദച്ചാമി ജയില്‍ ചാടാനെടുത്തത് 3 മണിക്കൂര്‍; സെല്ലിന്റെ കമ്പി അറുത്തു മാറ്റിയ വിടവിലൂടെ ഇഴഞ്ഞു

സെല്ലിനു പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ എടുത്തു. 1.20 കഴിയുന്നതോടെയാണ് ഇയാള്‍ പുറത്തേക്ക് ഇറങ്ങുന്നത

author-image
Biju
New Update
kannur

കണ്ണൂര്‍: അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ വീഴ്ച വെളിവാക്കി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജൂലൈ 25നു പുലര്‍ച്ചെ 1.15 നാണ് ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടാണ് ജയില്‍ ചാടാനുള്ള ശ്രമം ഗോവിന്ദച്ചാമി ആരംഭിച്ചത്. പിന്നീട് സെല്ലിലെ താഴ്ഭാഗത്തെ കമ്പി അറുത്ത് മാറ്റിയ ശേഷം ആ വിടവിലൂടെ ഇഴഞ്ഞാണ് ഇയാള്‍ സെല്ലിനു പുറത്തേക്കിറങ്ങിയത്.

സെല്ലിനു പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ എടുത്തു. 1.20 കഴിയുന്നതോടെയാണ് ഇയാള്‍ പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് പത്താം ബ്ലോക്കിന്റെ മതില്‍ ചാടിക്കടന്നു. ശേഷം വലിയ മതിലായ പുറംമതില്‍ ചാടിക്കടക്കുകയായിരുന്നു. മതില്‍ ചാടിക്കടക്കുമ്പോഴേക്കും നാലുമണി കഴിഞ്ഞിരുന്നു. 

കഴിഞ്ഞ ഒന്നരമാസമായി ജയില്‍ച്ചാട്ടത്തിനുള്ള ആസൂത്രണം ഗോവിന്ദച്ചാമി നടത്തിയിരുന്നെന്നാണ് വിവരം. തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിനു സമീപത്തെ കിണറ്റില്‍ നിന്നാണ് ഇയാളെ മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ പിടികൂടിയത്.

നിലവില്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരിക്കുന്നത്. കേരളത്തിലെ കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന ജയിലാണ് വിയ്യൂരിലെ അതീവ സുരക്ഷാജയില്‍. 535 കൊടും കുറ്റവാളികളെ പാര്‍പ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. നിലവില്‍ 300ലധികം കൊടുംകുറ്റവാളികള്‍ നിലവില്‍ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലുണ്ട്. 

റിപ്പര്‍ ജയാനന്ദന്‍, ചെന്താമര, ഇലന്തൂര്‍ നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗ് തുടങ്ങിയവരെ ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയോട് ചേര്‍ന്നുള്ള എഎ-ഒന്നിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഗോവിന്ദച്ചാമിയെ നിരീക്ഷിക്കുന്നതിനായി ഇയാള്‍ക്കൊപ്പം ഒരു തടവുകാരനെ പാര്‍പ്പിക്കാനും തീരുമാനമായിട്ടുണ്ട്. 

അതേസമയം, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ പോലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു.സൂക്ഷ്മതലത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്റലിജന്‍ഡ് സിസിടിവി നാല് പ്രധാന ജയിലുകളില്‍ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങാനും യോഗത്തില്‍ തീരുമാനമായി.

Govindachamy