/kalakaumudi/media/media_files/2025/07/25/soumya-2025-07-25-13-29-27.jpg)
കണ്ണൂര്‍: കേരളക്കരയെ ആകെ ആശങ്കയിലാക്കിയായിരുന്നു സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ഇന്ന് രാവിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ ചാടിയത്. ഒരു പക്ഷെ അയാള്‍ രക്ഷപ്പെട്ടിരുന്നുവെങ്കില്‍ മറ്റൊരു ദുരന്തവാര്‍ത്ത കൂടി കേരളം കേള്‍ക്കേണ്ടിവരുമായിരുന്നു.
നാട്ടുകാരുടെ ജാഗ്രത കൊണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിയെ പിടിക്കാനായത് ആശ്വാസമാനവുകയാണ്. ഒപ്പം ഒറ്റക്കയ്യനായ ഈ കുറ്റവാളി ഇത്രയും സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് എങ്ങനെ ജയില്‍ ചാടി എന്ന ചോദ്യവും ഉയരുന്നുണ്ട്. കണ്ണൂര്‍ ജയിലിലെ ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി വ്യക്തമാക്കുമ്പോഴും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
കാരണം ഗോവിന്ദച്ചാമി ജയില്‍ ചാടിയത് 20 ദിവസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ പി. നിഥിന്‍ രാജ് തന്നെ സമ്മതിക്കുന്നുണ്ട്. ബാഹ്യ സഹായം ഗോവിന്ദച്ചാമിക്ക് ലഭിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണ്. ജയില്‍ ചാടിയതിനു ശേഷമാണ് പൊലിസ് വിവരമറിയുന്നത്. നേരത്തെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി പ്ളാന്‍ ചെയ്തിരുന്നു. ജയിലിന് അകത്തു നിന്ന് സഹായം ലഭിച്ചുവോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറയുന്നുണ്ട്.
ഗോവിന്ദച്ചാമിയെ പിടികൂടുന്ന സമയത്ത് കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് എവിടെ നിന്ന് കിട്ടിയെന്നത് ഉത്തരംകിട്ടാത്തൊരു ചോദ്യമാണ്.
'ജയില്‍ ചാടാനായുള്ള തയ്യാറെടുപ്പ് കുറച്ച് ദിവസങ്ങളായി പ്രതി നടത്തിവന്നിരുന്നെന്നാണ് ലഭിക്കുന്ന വിവരം.ഏകദേശം 20 ദിവസങ്ങളോളം ഇതിനായി തയ്യാറെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം തളാപ്പിലെ കിണറ്റില്‍ നിന്നാണ് പൊലീസിന് പ്രതിയെ കിട്ടിയത്.ജയില്‍ ചാടാനായി ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പരിശോധിക്കും. ജയില്‍ ചാടിയെന്ന് മനസിലായ ഉടനെ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലകോണില്‍ നിന്നും നാട്ടുകാരടക്കം വിവരം നല്‍കിയിരുന്നു.ഇതെല്ലാം പൊലീസ് പരിശോധിച്ചിരുന്നു.ഗോവിന്ദച്ചാമിയെക്കുറിച്ച് കൃത്യമായ വിവരം തന്നെ മൂന്ന് നാല് പേരുണ്ട്.അവരെയും പൊലീസ് അഭിനന്ദിക്കുന്നു.കൂടാതെ ഈ സംഭവത്തില്‍ സാമൂഹ്യജാഗ്രത പുലര്‍ത്തിയ മാധ്യമങ്ങള്‍ക്കും നാട്ടുകാര്‍ക്കും പൊലീസ് നന്ദി പറയുന്നു..'സിറ്റി പൊലീസ് കമ്മീഷണര്‍ പറയുന്നത്.
എന്നാല്‍ ജയില്‍ ചാടി മണിക്കൂറുകള്‍ക്കകം സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് തളാപ്പിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ജാഗ്രതകൊണ്ടാണ്.
ജയില്‍ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെയാണ് തളാപ്പ്. ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിച്ച് നില്‍ക്കുകയായിരുന്നു. പൊലീസ് വരുന്നുവെന്ന് മനസ്സിലായപ്പോള്‍ ഓടിയ ഗോവിന്ദച്ചാമി കിണറ്റില്‍ ചാടി. പിന്തുടര്‍ന്ന പൊലീസ് ഇയാളെ കിണറ്റില്‍നിന്ന് വലിച്ചെടുത്തു.
ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം പുറത്ത് വന്നതിന് പിന്നാലെ പൊതുജനങ്ങളും ജാഗ്രതയിലായിരുന്നു. കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്ത് വെച്ച് ഗോവിന്ദച്ചാമിയോട് സാമ്യമുള്ള ഒരാളെ കണ്ടതായി ഒരാള്‍ പൊലീസിനെ വിവരം ലഭിച്ചു. ഒരു കൈ തുണി ഉപയോഗിച്ച് മറച്ചിരുന്നു. ഇതില്‍ സംശയം തോന്നിയ ആള്‍ കൂടുതല്‍ ശ്രദ്ധച്ചപ്പോഴാണ് ഒരു കൈ ഇല്ലെന്ന വിവരം മനസ്സിലാകുന്നത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനകം പുറത്ത് വന്നതിനെത്തുടര്‍ന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഒരു കയ്യില്ലാത്ത ആളെ കണ്ട നാട്ടുകാരായ ഒരാള്‍ക്ക് സംശയം തോന്നിയതോടെയാണ് ഗോവിന്ദചാമിയെ തളാപ്പിലെ ഒരു വീട്ടില്‍ നിന്നും പിടികൂടാനായത്. വിനോജ് എന്നയാളാണ് ഗോവിന്ദചാമിയെ കണ്ടത്. കണ്ണൂര്‍ ബൈപ്പാസ് റോഡില്‍ വെച്ചാണ് റോഡിന്റെ വലത് വശം ചേര്‍ന്ന് ഒരാള്‍ നടന്ന് പോകുന്നത് കണ്ടത്. തലയിലൊരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു. രണ്ട് കൈകളും തലയിലെ ഭാണ്ഡത്തിലേക്ക് വെച്ചിരിക്കുകയായിരുന്നു. സംശയം തോന്നിയതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും കൂട്ടി 15 മീറ്ററോളം ദൂരത്തിലേക്ക് വന്നു. എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് ക്രോസ് ചെയ്ത് ചെന്ന് എടാ ഗോവിന്ദചാമിയെന്ന് വിളിച്ചു. അതോടെ അയാള്‍ ഓടി മതില്‍ ചാടി ഓടുകയായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു. വിവരം ഉടനെ പൊലീസില്‍ അറിയിച്ചു. പൊലീസ് സംഘമെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിഞ്ഞത് അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ്. രാവിലെ പരിശോധനയ്ക്കിടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന വിവരം മനസ്സിലായത്. അതീവസുരക്ഷയുള്ള ജയിലില്‍നിന്നാണ് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് എന്നത് ആശങ്കയുളവാക്കുന്നതാണ് കാരണം മുന്‍ അനുഭവങ്ങള്‍ കേരളത്തിന് മുന്നില്‍ തന്നെയുണ്ട്.
2011 ഫെബ്രുവരി ഒന്ന് കേരളം കണ്ണീരണിഞ്ഞ ദിനമായിരുന്നു അന്ന്. ഷൊര്‍ണൂര്‍ സ്വദേശിയായ യുവതിയെ റെയില്‍വേ ട്രാക്കിനരികില്‍ തലയ്ക്കു മാരക പരുക്കുകളോടെ അബോധാവസ്ഥയില്‍ കണ്ടെത്തിയ വാര്‍ത്തയറിഞ്ഞ് കേരളം ഞെട്ടി. കൊച്ചിയില്‍നിന്നു വീട്ടിലേക്കു പോകുകയായിരുന്ന 23 കാരിയായ യുവതിയെ വള്ളത്തോള്‍നഗര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ചാണ് ഗോവിന്ദച്ചാമി ട്രെയിനില്‍നിന്നു തള്ളിയിട്ടത്. പിന്നാലെ ചാടിയിറങ്ങിയ പ്രതി പാളത്തില്‍ പരുക്കേറ്റു കിടന്ന യുവതിയെ എടുത്തുകൊണ്ടുപോയി മറ്റൊരു പാളത്തിനു സമീപമെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം യുവതിയുടെ മൊബൈല്‍ ഫോണും പഴ്സിലെ പൈസയും കവര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടു.
ഒരു മണിക്കൂറിലേറെ സമയം എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ അവിടെക്കിടന്ന യുവതിയെ പിന്നീട് പരിസരവാസികളാണു കണ്ടെത്തി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതി ഗോവിന്ദച്ചാമിയെ ഫെബ്രുവരി നാലിന് പാലക്കാട്ടുനിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന യുവതി ഫെബ്രുവരി ആറിനു മരിച്ചു.
സൗമ്യയെ മരണത്തിലേക്ക് തള്ളിയിട്ട ഗോവിന്ദച്ചാമി കേരള സമൂഹത്തില്‍ ഏറ്റവും വെറുക്കപ്പട്ട കുറ്റവാളികളിലൊരാളാണ്. ഒറ്റക്കയ്യന്‍. സേലം വിരുതാചലം സമത്വപുരം ഐവത്തിക്കുടിയാണ് സ്വദേശം. അക്രമവും പിടിച്ചുപറിയുമായി ബന്ധപ്പെട്ട് സേലം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്.
പിടിച്ചുപറിക്കും മോഷണത്തിനുമായി തമിഴ്‌നാട്ടില്‍ വിവിധ കാലയളവുകളിലായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു. കേരളത്തില്‍ ട്രെയിനിലെ കച്ചവടക്കാരന്റെ വേഷത്തിലായിരുന്നു. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഗോവിന്ദച്ചാമി അമിത ലൈംഗികാസക്തിയുള്ള ആളാണെന്ന് ഫൊറന്‍സിക് പരിശോധയില്‍ കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും തൊട്ടടുത്ത ചേരികളിലും സ്ഥിരമായി സ്ത്രീകളെ തേടി അലയാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. അമിത മദ്യപാനിയായ ഇയാള്‍ ലഹരിക്കും അടിമയാണ്.
സംഭവദിവസം യുവതി യാത്രചെയ്ത ട്രെയിനില്‍ ഗോവിന്ദച്ചാമി കൊച്ചി മുതല്‍ തന്നെയുണ്ടായിരുന്നു. തൃശൂര്‍ എത്തിയതോടെ ലേഡീസ് കംപാര്‍ട്മെന്റ് കാലിയായി. ഇതേ തുടര്‍ന്നു യുവതി തൊട്ടുമുന്നിലെ ജനറല്‍ കംപാര്‍ട്മെന്റില്‍ മാറിക്കയറി. വള്ളത്തോള്‍ നഗര്‍ സ്റ്റേഷന്‍ എത്തിയപ്പോഴേക്കും ഈ കംപാര്‍ട്മെന്റിലുണ്ടായിരുന്ന എട്ടുപേരും സ്റ്റേഷനുകളില്‍ ഇറങ്ങിയിരുന്നു. ഇരുട്ടു പരന്നതും ട്രെയിന്‍ അനിയന്ത്രിതമായി വൈകുന്നതും മൂലം യുവതി ആശങ്കയിലായിരുന്നു. ഇടയ്ക്കു വീട്ടിലേക്കു വിളിക്കുകയും ചെയ്തിരുന്നു. ഈ സമയം ഇരയെ നോക്കി വന്ന ഗോവിന്ദച്ചാമി യുവതിയെ കണ്ടു. ട്രെയിന്‍ വിട്ടതോടെ ഇയാളും ഈ കംപാര്‍ട്മെന്റില്‍ കയറി. ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ച ഇയാളെ പെണ്‍കുട്ടി ചെറുത്തു.
കംപാര്‍ട്മെന്റില്‍ അങ്ങുമിങ്ങും ഓടിയ യുവതി ബാഗിലെ പിടിവിട്ടില്ല. ഇതേതുടര്‍ന്നു വാതിലിന്റെ സമീപത്ത് എത്തിയപ്പോള്‍ പുറത്തേക്ക് ആഞ്ഞു തൊഴിച്ചു. അല്‍പം കൂടി മുന്നോട്ടുപോയ ട്രെയിനില്‍നിന്നു ഗോവിന്ദച്ചാമിയും ചാടിയിറങ്ങി. ട്രാക്കില്‍ തലയിടിച്ചു രക്തം വാര്‍ന്ന നിലയിലായിരുന്നു യുവതി. ബോധം പൂര്‍ണമായി നശിച്ചിരുന്നില്ല. വേദനകൊണ്ടു പുളയുന്ന യുവതിയെ തോളിലേറ്റി പാളങ്ങളുടെ സമീപത്ത് എത്തിച്ചാണു പീഡിപ്പിച്ചത്.
എതിര്‍ത്തപ്പോള്‍ കല്ലെടുത്ത് മുഖത്തും തലയിലും ഇടിച്ചു. യുവതിയുടെ പക്കല്‍നിന്ന് വെറും 70 രൂപയും ഒരു സാധാരണ മൊബൈല്‍ ഫോണും മാത്രമാണ് ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. പ്രതീക്ഷിച്ച പണം കിട്ടാതെ വന്നതിലൂള്ള ദേഷ്യമാണ് ഹീനമായ കുറ്റകൃത്യത്തിനു ഗോവിന്ദച്ചാമിയെ പ്രേരിപ്പിച്ചത്. പിറ്റേന്നു നടക്കാനിരുന്ന പെണ്ണുകാണല്‍ ചടങ്ങിനായാണു യുവതി ഷൊര്‍ണൂര്‍ പാസഞ്ചറില്‍ പാമ്പാടി ഐവര്‍മഠത്തിലുള്ള വീട്ടിലേക്ക് വന്നത്.
യുവതിയെ അപായപ്പെടുത്തിയ പ്രതിക്കായി അന്ന് പൊലീസ് രാത്രി നാടു മുഴുവന്‍ പരതുമ്പോള്‍ റെയില്‍വേ സംരക്ഷണ സേനയുടെ ഒലവക്കോട്ടെ ലോക്കപ്പില്‍ ഗോവിന്ദച്ചാമി സുഖമായി ഉറങ്ങുകയായിരുന്നു. ചെന്നൈ മെയിലില്‍ ടിക്കറ്റില്ലാതെ ഒലവക്കോട് സ്റ്റേഷനില്‍ വന്നിറങ്ങിയ ഗോവിന്ദച്ചാമിയെ പിച്ചക്കാരന്‍ എന്ന നിലയിലാണു സേന കരുതല്‍ തടങ്കലിനു ലോക്കപ്പിലാക്കിയത്. എന്നാല്‍, ഇയാളെ വിശദമായി ചോദ്യംചെയ്തില്ല. മാത്രമല്ല, ഷര്‍ട്ടിലെ രക്തക്കറയുടെ കാരണം ആരാഞ്ഞ പൊലീസിനോടു കൂട്ടുകാരുമായി വഴക്കിട്ടപ്പോള്‍ പറ്റിയതാണെന്നു മൊഴി നല്‍കി. ചാര്‍ലിയെന്നാണു പേരു നല്‍കിയത്.
യുവതിയെ ഉപദ്രവിക്കുന്നതിനിടെ സമീപവാസി വരുന്നതു കണ്ടാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ഇതിനിടെ യുവതിയെ അന്വേഷിച്ചു വന്ന നാട്ടുകാര്‍ ഇയാളെ ചോദ്യംചെയ്തിരുന്നു. എന്നാല്‍ ദൈന്യത അഭിനയിച്ചു രക്ഷപ്പെട്ട ഗോവിന്ദച്ചാമി, ബസില്‍ തൃശൂര്‍ക്കും പിന്നീടു പാലക്കാട്ടേക്കും പോയി. തുടര്‍ന്നാണ് റെയില്‍വേ സംരക്ഷണ സേനയുടെ പിടിയിലാകുന്നത്.
സേലം ജയിലില്‍വച്ചു പരിചയപ്പെട്ട തൃശൂര്‍ സ്ഥിരവാസിയായ തമിഴ്നാട് സ്വദേശിയാണ് ഗോവിന്ദച്ചാമിയെ ഇങ്ങോട്ടേയ്ക്ക് കൊണ്ടുവന്നത്. പാലക്കാട് മുതല്‍ എറണാകുളം വരെയുള്ള റൂട്ടില്‍ ഇരുപതോളം മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ട്രെയിനുകളില്‍ യാത്ര ചെയ്തു തരംകിട്ടിയാല്‍ മോഷ്ടിക്കുകയാണു പതിവെന്നു ഗോവിന്ദച്ചാമി സമ്മതിച്ചിരുന്നു. സംഭവദിവസം ഷൊര്‍ണൂര്‍ പാസഞ്ചറില്‍ സുഹൃത്തിനൊപ്പമാണു ഗോവിന്ദച്ചാമി യാത്രചെയ്തത്. അമ്മ ലക്ഷ്മിയെ അന്വേഷിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ കംപാര്‍ട്മെന്റുകളില്‍ നിരീക്ഷണം നടത്തിയിരുന്നത്.
തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി 2011 നവംബര്‍ 11നാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഗോവിന്ദച്ചാമിയുടെ ക്രൂരവും പൈശാചികവുമായ പ്രവൃത്തി കോടതിയെപോലും ഞെട്ടിച്ചുവെന്നു ഒന്നാം നമ്പര്‍ അതിവേഗ കോടതി ജഡ്ജി കെ. രവീന്ദ്രബാബു അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കും സമൂഹത്തിനും ഗോവിന്ദച്ചാമി ഭീഷണിയാണ്. കടുത്ത ശിക്ഷ നല്‍കിയില്ലെങ്കില്‍ ജനങ്ങള്‍ക്കു നിയമത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നു കോടതി ചൂണ്ടിക്കാട്ടി. 2013 ഡിസംബറില്‍ ഹൈക്കോടതി വധശിക്ഷ ശരിവച്ചു.
എന്നാല്‍ 2016 സെപ്റ്റംബറില്‍ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും പീഡനത്തിനു നല്‍കിയ ജീവപര്യന്തം തടവു നിലനിര്‍ത്തുകയും ചെയ്തു. വധശിക്ഷ ലഭിക്കാനുള്ള കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തല്‍. യുവതി ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെടുന്നതായി കണ്ടുവെന്ന് തങ്ങള്‍ യാത്ര ചെയ്ത കംപാര്‍ട്ട്‌മെന്റിന്റെ വാതില്‍ക്കല്‍നിന്ന മധ്യവയസ്‌കന്‍ പറഞ്ഞുവെന്നാണ് നാലാം സാക്ഷി ടോമി ദേവസിയും 40ാം സാക്ഷി അബ്ദുല്‍ ഷുക്കൂറും മൊഴി നല്‍കിയത്.
പ്രതിയുടെ വധശിക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈ മൊഴികള്‍ സുപ്രീം കോടതി കണക്കിലെടുത്തു. യുവതി സ്വയം ചാടിയതോ തള്ളിയിട്ടതോ സംഭവിച്ചതെന്തെന്നു വ്യക്തമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കീഴ്‌ക്കോടതിയിലെ കേസ് നടത്തിപ്പില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ആരോപിക്കപ്പെടുന്ന കുറ്റത്തിനു വിരുദ്ധമായ സാക്ഷിമൊഴികള്‍ പോലും പ്രോസിക്യൂഷന്റേതായി ഉള്‍പ്പെടുത്തുന്നതിനു കാരണമായതെന്നു വിലയിരുത്തപ്പെട്ടു. 2017 ഏപ്രിലില്‍ സര്‍ക്കാര്‍ നല്‍കിയ പിഴവുതിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളി.
2011 നവംബര്‍ 11നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചതു മുതല്‍ ഗോവിന്ദച്ചാമി ഉദ്യോഗസ്ഥര്‍ക്കു സ്ഥിരം തലവേദനയായിരുന്നു. ജയില്‍മാറ്റം ആവശ്യപ്പെട്ട് ആത്മഹത്യാ നാടകത്തില്‍ തുടക്കം. പിന്നീടു പൂജപ്പുരയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് നിരാഹാരം. എല്ലാ ദിവസവും ബിരിയാണി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സെല്ലിനുള്ളിലെ സിസിടിവി ക്യാമറ തകരാറിലാക്കി. ജയില്‍ ജീവനക്കാര്‍ക്കെതിരെ വിസര്‍ജ്യമെറിഞ്ഞു. ജയിലിലെ അക്രമത്തിന്റെ കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഗോവിന്ദച്ചാമിയെ പത്തുമാസം തടവിനു ശിക്ഷിച്ചു.
2012 മാര്‍ച്ചിലായിരുന്നു ഗോവിന്ദച്ചാമിയുടെ ആത്മഹത്യനാടകം. പ്രാഥമിക കൃത്യങ്ങള്‍ക്കായി സെല്ലില്‍ നിന്നു പുറത്തിറക്കിയപ്പോള്‍ മേല്‍ക്കൂരയിലെ കഴുക്കോലില്‍ ഒറ്റക്കൈ കൊണ്ട് ഉടുമുണ്ടു കെട്ടാന്‍ ശ്രമിച്ചു. ഓടിയെത്തിയ വാര്‍ഡര്‍മാരും സഹതടവുകാരും ചേര്‍ന്നു പിന്‍തിരിപ്പിച്ച് സെല്ലിലടച്ചു. മറ്റുള്ളവരുടെ കണ്‍മുന്‍പില്‍ നടത്തിയ ആത്മഹത്യശ്രമം നാടകമാണെന്നു വ്യക്തമായതു തൊട്ടുപിന്നാലെ സൂപ്രണ്ടിനു കത്തു കൊടുത്തപ്പോഴാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തരീക്ഷം പിടിക്കുന്നില്ലെന്നും ബന്ധുക്കള്‍ക്കു വന്നു കാണാന്‍ സൗകര്യത്തിനു പൂജപ്പുരയിലേക്കു മാറ്റണമെന്നുമാണു കത്തിലെ ആവശ്യം.
സ്വദേശമായ തമിഴ്‌നാട്ടിലെ ഏതെങ്കിലും ജയിലിലേക്കു മാറ്റണമെന്നുള്ള ഗോവിന്ദച്ചാമിയുടെ അപേക്ഷ 2024 മാര്‍ച്ചില്‍ ജയില്‍ വകുപ്പ് മേധാവി നിരസിച്ചു. തമിഴ്‌നാട് കടലൂരിലെ സമത്വപുരം സ്വദേശിയാണ് ഗോവിന്ദച്ചാമി. ഇയാള്‍ മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയില്‍ ഇളവ് നേടാന്‍ ശ്രമിച്ചിരുന്നു. വധശിക്ഷ റദ്ദാക്കിയശേഷമാണ് അക്രമസ്വഭാവം അവസാനിപ്പിച്ചത്. ഇപ്പോള്‍ നടത്തിയ ഈ ജയില്‍ ചാട്ടത്തിനും ഇനി കൂടുതല്‍ ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ട്.
അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിപ്പോയത്. സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും. ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിച്ചില്ല എന്നും കരുതപ്പെടുന്നു.