കണ്ണൂര്‍ ജയിലില്‍ സര്‍വ്വത്ര ചട്ടലംഘനം

ജയില്‍ ചട്ടങ്ങള്‍ പ്രകാരം ആഴ്ചയിലൊരിക്കല്‍ ഷേവ് ചെയ്യണമെന്നും മാസത്തിലൊരിക്കല്‍ മുടി വെട്ടണമെന്നും ആണ് നിര്‍ദ്ദേശം ഉള്ളത്. ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടിയപ്പോഴാണ് ഈ ചട്ടങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല എന്ന വിവരം പുറത്താകുന്നത്

author-image
Biju
New Update
kannur

കണ്ണൂര്‍ : ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ വീഴ്ചകള്‍ ഓരോന്നായി പുറത്തുവരികയാണ്. ജയില്‍ വകുപ്പിനും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും അടിമുടി വീഴ്ചകള്‍ സംഭവിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയില്‍ ചാടാനായി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് ഗോവിന്ദച്ചാമിയെ പോലൊരു കൊടും കുറ്റവാളി നടത്തിയിട്ടും തിരിച്ചറിയാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല എന്നുള്ളത് ഗുരുതര വീഴ്ചയായി കണക്കാക്കപ്പെടുന്നു.

ജയില്‍ ചട്ടങ്ങള്‍ പ്രകാരം ആഴ്ചയിലൊരിക്കല്‍ ഷേവ് ചെയ്യണമെന്നും മാസത്തിലൊരിക്കല്‍ മുടി വെട്ടണമെന്നും ആണ് നിര്‍ദ്ദേശം ഉള്ളത്. ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടിയപ്പോഴാണ് ഈ ചട്ടങ്ങള്‍ ഒന്നും തന്നെ കണ്ണൂര്‍ ജയിലില്‍ പാലിക്കപ്പെടുന്നില്ല എന്ന വിവരം പുറത്താകുന്നത്. 

ജനങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനായി വലിയ രീതിയിലുള്ള രൂപമാറ്റം ആണ് ഗോവിന്ദച്ചാമി വരുത്തിയിരുന്നത്. അരിയാഹാരമുപേക്ഷിച്ചു പകുതിയോളം ശരീരഭാരം കുറയ്ക്കുകയും താടി നീട്ടി വളര്‍ത്തി മുഖം തിരിച്ചറിയാത്ത രീതിയില്‍ മാറ്റുകയും ചെയ്തത് ജയില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടില്ല എന്നുള്ളത് കണ്ണൂര്‍ ജയിലിന്റെ കുത്തഴിഞ്ഞ അവസ്ഥ ചൂണ്ടിക്കാട്ടുന്നു.

സെല്ലിന്റെ കമ്പികള്‍ മുറിക്കാനായി മൂര്‍ച്ചയുള്ള ഉപകരണം ആഴ്ചകളോളം കയ്യില്‍ സൂക്ഷിച്ചതും ഗുരുതര വീഴ്ചയാണ്. പ്രതികളുടെ ആത്മഹത്യ ഉണ്ടാകാതിരിക്കാനായി നീണ്ട തുണികളോ കയറോ പോലെയുള്ളവ പ്രതികള്‍ക്ക് ലഭിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നുള്ള ജയില്‍ ചട്ടവും ഗോവിന്ദച്ചാമി ലംഘിച്ചിരുന്നു. ഗോവിന്ദച്ചാമിയെ പോലെ ഒരു കൊടും കുറ്റവാളി ജയില്‍ ചാടിയിട്ടും ജയില്‍ അധികൃതര്‍ മണിക്കൂറുകളോളം അത് അറിഞ്ഞില്ല എന്നുള്ളതും കണ്ണൂര്‍ ജില്ലയിലെ സുരക്ഷാ വീഴ്ച വ്യക്തമാക്കുന്നു.

ഇന്ന് രാവിലെയും എല്ലാ തടവു പുള്ളികളും ജയിലില്‍ ഉണ്ട് എന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മതിലില്‍ കെട്ടിയ തുണി കണ്ടപ്പോഴാണ് ജയില്‍ച്ചാട്ടം ഉദ്യോഗസ്ഥര്‍ അറിഞ്ഞത്. എന്നാല്‍ ഗോവിന്ദച്ചാമിയെ പോലെ ഒരു കൊടും കുറ്റവാളിയാണ് ജയില്‍ ചാടിയത് എന്ന് അപ്പോഴും തിരിച്ചറിഞ്ഞില്ല. പിന്നീട് നടത്തിയ തുടര്‍ പരിശോധനകളില്‍ ആണ് ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. 

ഗോവിന്ദച്ചാമി കഴിഞ്ഞിരുന്ന സെല്ലില്‍ മറ്റൊരു തടവുകാരന്‍ ഉണ്ടായിരുന്നു എന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. ഒന്നരമാസത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ ആണ് ജയില്‍ ചാടാനായി ഗോവിന്ദച്ചാമി നടത്തിയത്. ഈ കാലയളവിനുള്ളില്‍ ഒരിക്കല്‍പോലും ജയില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഈ കൊടും കുറ്റവാളിയുടെ മേല്‍ പതിഞ്ഞില്ല എന്നുള്ളതും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കുത്തഴിഞ്ഞ വ്യവസ്ഥിതി വെളിപ്പെടുത്തുന്നതാണ്.

Govindachamy