/kalakaumudi/media/media_files/2025/07/25/jail-2025-07-25-15-51-33.jpg)
കണ്ണൂര്‍: ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തേക്കുറിച്ച് ഓരോ നിമിഷവും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ജയിലിനകത്തുനിന്നുതന്നെ കൃത്യമായ ഒരു സഹായമില്ലാതെ ജയില്‍ ചാട്ടം അസാദ്ധ്യമാണെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ അത് ആരുടെ ഭാഗത്തുനിന്നായിരിക്കാം എന്ന നിര്‍ണായകമായ ചോദ്യത്തിനാണ് പൊലീസിന് ഉത്തരം കണ്ടെത്തേണ്ടത്.
അതിനിടെ താടിവളര്‍ത്തിയതു മുതല്‍ കറുത്ത വസ്ത്രം കൈവശപ്പെടുത്തിയതു വരെ ഗോവിന്ദച്ചാമിയുടെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നു. ഗോവിന്ദച്ചാമിയുടെ ഏറ്റവും പുതിയ ചിത്രമെന്നു പറഞ്ഞ് ഇന്നു രാവിലെ ജയില്‍വകുപ്പ് പുറത്തു വിട്ടതില്‍ മൊട്ടയടിച്ച്, കുറ്റിത്താടിയുള്ള രൂപമായിരുന്നു. എന്നാല്‍ പിടികൂടുമ്പോള്‍ കട്ടത്താടിയും മുടിയും. താടിയും മുടിയും വളര്‍ത്തിയത് മുതല്‍ ഗോവിന്ദച്ചാമിയുടെ ആസൂത്രണം തുടങ്ങുന്നു.
ഷേവിങ് അലര്‍ജിയാണെന്നു പറഞ്ഞ് പ്രത്യേക അനുമതിയോടെയാണ് താടി വളര്‍ത്തിയത്. പുറത്തിറങ്ങിയാല്‍ തിരിച്ചറിയാതിരിക്കാനായിരുന്നു ആ നീക്കം. ജയിലില്‍ പ്രത്യേക ഭക്ഷണക്രമവും ഇയാള്‍ പിന്തുടര്‍ന്നു. കുറച്ചുനാളുകളായി ചപ്പാത്തി മാത്രമാണ് കഴിച്ചിരുന്നത്. ശരീരഭാരം പകുതിയായി കുറച്ചു. ബ്ലേഡ് പോലുള്ള ആയുധം സംഘടിപ്പിച്ച് ദിവസങ്ങളോളം എടുത്താണ് സെല്ലിന്റെ കമ്പി അറുത്തത്.
ആയുധം കടത്തിയതും കമ്പി അറുത്തതുമൊന്നും ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല. പിടികൂടിയപ്പോള്‍ കയ്യില്‍ ടൂള്‍സ് ഉള്ളതായി കമ്മിഷണറും സമ്മതിക്കുന്നു. ജയില്‍ വസ്ത്രത്തില്‍ പുറത്തിറങ്ങിയാല്‍ തിരിച്ചറിയുമെന്നതിനാല്‍ കറുത്തവസ്ത്രം നേരത്തെ കൈവശപ്പെടുത്തി. വിചാരണത്തടവുകാരുടെ വസ്ത്രം അലക്കാനിട്ടിടത്തു നിന്നാകാം ഇതു സംഘടിപ്പിച്ചതെന്നാണ് സൂചന. അതും ആരും അറിഞ്ഞില്ല.
വെള്ളിയാഴ്ച പുലര്‍ച്ചെ സെല്ലില്‍നിന്നു പുറത്തിറങ്ങിയ ഗോവിന്ദച്ചാമി, ഇരുന്നൂറു മീറ്ററോളം നടന്നാണ് മതിലിനു സമീപത്തെത്തിയത്. മൂന്ന് ഇരുമ്പ് വീപ്പകള്‍ അടുക്കിവച്ച് അതിനു മുകളില്‍ കയറിയാണ് തുണികൊണ്ട് കെട്ടിയ വടം മതിലിനു മുകളിലെ ഫെന്‍സിങ്ങില്‍ കുരുക്കിയത്. ഈ വീപ്പകള്‍ നേരത്തെ തന്നെ ഗോവിന്ദച്ചാമി കണ്ടെത്തിവച്ചിരുന്നു.
അതും ആരും അറിഞ്ഞില്ല. മതിലില്‍ തൂങ്ങിക്കയറാനുള്ള തുണിയും കയറും നേരത്തെ തന്നെ ഒപ്പിച്ചതും ജയില്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലത്രേ. ജയില്‍ചാട്ടം തടയുന്നതിനാണ് മതിലിന് മുകളില്‍ വൈദ്യുതി ഫെന്‍സിങ് സ്ഥാപിച്ചിരുന്നത്. അതു പ്രവര്‍ത്തിക്കാതിരുന്നതാണോ അതോ ഗോവിന്ദച്ചാമി ഓഫ് ചെയ്തതാണോ എന്നതിനും ഉത്തരമില്ല.
ആദ്യകടമ്പകള്‍ അനായാസം താണ്ടിയ ഗോവിന്ദച്ചാമിക്ക് പക്ഷേ പിന്നെയങ്ങോട്ടുള്ള യാത്ര അത്രസുഖകരമായിരുന്നില്ല. പുറത്തെത്തിയ ശേഷം ആദ്യത്തെ നാലുകിലോമീറ്റര്‍ ദൂരം നടന്നു. നേരം പുലര്‍ന്നപ്പോള്‍ ഇടവഴികള്‍ താണ്ടിയും ആളുകളെ കണ്ടപ്പോള്‍ കുറ്റിക്കാടുകളിലൊളിച്ചുമായിരുന്നു മുന്നോട്ടുള്ള പോക്ക് . ഇതിനിടെ പലരും തിരിച്ചറിഞ്ഞെന്ന് തോന്നിയപ്പോള്‍ ആളൊഴിഞ്ഞ വീട്ടിലേക്ക് ഓടിക്കയറി അവിടെ ഒളിച്ചിരുന്നു. ഡോഗ് സ്‌ക്വാഡും നാട്ടുകാരും പൊലീസും ആ വീട് വളഞ്ഞതോടെ കിണറ്റില്‍ ചാടി. കിണറ്റില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയത്.