/kalakaumudi/media/media_files/2025/07/26/govindachamy-2025-07-26-13-17-54.jpg)
തൃശൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ജയില്‍ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. വെളുപ്പിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറപ്പെട്ട പൊലീസ് സംഘം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഗോവിന്ദച്ചാമിയുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലായിരിക്കും ഇയാളെ പാര്‍പ്പിക്കുക.
ഇവിടുത്തെ തടവുകാരില്‍ പലരും കൊടും കുറ്റവാളികളാണ്. 17 ജയിലുകള്‍ അടങ്ങുന്ന സെന്‍ട്രല്‍ സോണിലെ ഏറ്റവും പ്രധാന ജയിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. തടവുകാരെ പാര്‍പ്പിക്കാന്‍ നാലു ബ്ലോക്കുകളിലായി 44 സെല്ലുകളാണ് ഇവിടെയുള്ളത്. ജയിലില്‍ 523 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമേ ഉള്ളൂവെങ്കിലും എഴുനൂറിനടുത്താണ് എപ്പോഴത്തെയും അംഗസംഖ്യ. ഇപ്പോള്‍ 125 കൊടുംകുറ്റവാളികളാണ് ജയിലിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറു തടവുകാര്‍ക്ക് ഒരു വാര്‍ഡന്‍ എന്ന അനുപാതത്തില്‍ നിയമനങ്ങള്‍ നടത്തണമെന്നാണ് ചട്ടം.
ഇവിടെ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക. സെല്ലിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ പറ്റില്ല. ഭക്ഷണം കഴിക്കാന്‍ പോലും പുറത്തേക്കിറങ്ങാന്‍ സാധിക്കില്ല. ഒന്‍പതര ഏക്കറില്‍ 730 മീറ്റര്‍ ചുറ്റളവുള്ള മതില്‍ കെട്ടിനകത്താണു ജയിലുള്ളത്. മതിലില്‍നിന്നു 50 മീറ്റര്‍ അകലത്തിലാണു ജയില്‍ കെട്ടിടം. പ്രാഥമിക സൗകര്യങ്ങള്‍ക്കു പുറമെ അഗ്‌നിരക്ഷാ സംവിധാനവും സിസിടിവി ക്യാമറയും സെല്ലുകളില്‍ ഉണ്ട്. കോടതി നടപടികള്‍ക്കായി പോലും തടവുകാരെ പുറത്തിറക്കാതിരിക്കാന്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ വിചാരണ നടത്താം. റഫറല്‍ ആശുപത്രികളിലേക്കു നേരിട്ടു കൊണ്ടുപോകാതെ ടെലി മെഡിസിന്‍ സംവിധാനവുമുണ്ട്.
15 മീറ്റര്‍ ഉയരമുള്ള നാലു വാച്ച് ടവറുകളില്‍ നൈറ്റ്വിഷന്‍ ബൈനോക്കുലര്‍, ഹൈ ബീം സര്‍ച്ച് ലൈറ്റ്, വാക്കി ടോക്കി സജീകരണങ്ങളോടെ ആയുധധാരികളായ ഗാര്‍ഡുകളുമുണ്ടാകും. 250ല്‍ പരം സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും.
ശക്തമായ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ചയാണ് കണ്ണൂരിലെ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി ചാടിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ 4 കിലോ മീറ്റര്‍ അകലെനിന്ന് ഇയാള്‍ പിടിയിലാകുകയായിരുന്നു.