സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഇനി മുതല്‍ 'കെഎല്‍ 90' നമ്പര്‍ കോഡ്

അര്‍ധ സര്‍ക്കാര്‍ സ്ഥാപനം, ബോര്‍ഡ്, കോര്‍പറേഷന്‍ തുടങ്ങിയവയുടെ വാഹനങ്ങള്‍ക്കെല്ലാം 'കെ എല്‍ 90' ഗ്രൂപ്പ് ലെറ്ററുകളും രജിസ്‌ട്രേഷന്‍ കോഡും നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് 'കെഎല്‍ 90' നമ്പറുകളാകും നല്‍കുക

author-image
Biju
New Update
kerala

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ രജിസ്ട്രേഷന്‍ കോഡ് വരുന്നു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്താനാണ് കേരളം ഒരുങ്ങുന്നത്. ഇതിന്റെ കരട് വിജ്ഞാപനം ബുധനാഴ്ച പുറത്തിറക്കി. അര്‍ധ സര്‍ക്കാര്‍ സ്ഥാപനം, ബോര്‍ഡ്, കോര്‍പറേഷന്‍ തുടങ്ങിയവയുടെ വാഹനങ്ങള്‍ക്കെല്ലാം 'കെ എല്‍ 90' ഗ്രൂപ്പ് ലെറ്ററുകളും രജിസ്‌ട്രേഷന്‍ കോഡും നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് 'കെഎല്‍ 90' നമ്പറുകളാകും നല്‍കുക.

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് കെ എല്‍ 90നു ശേഷം എ എന്നും തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ബി എന്നും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, രജിസ്റ്ററിങ് അതോറിറ്റിക്ക് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്ന് ബോധ്യപ്പെടുന്ന മറ്റേതെങ്കിലും സ്ഥാപനങ്ങള്‍, ഡീംഡ് യൂണിവേഴ്സിറ്റികള്‍ ഒഴികെയുള്ള യൂണിവേഴ്സിറ്റികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് സി എന്നും നല്‍കും. രജിസ്ട്രേഷന്‍ നമ്പര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായാല്‍ രജിസ്റ്ററിങ് അതോറിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

സര്‍ക്കാര്‍ വാഹനങ്ങളെല്ലാം ഒരു ആര്‍ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യും. തിരുവനന്തപുരത്ത് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്2 ല്‍ റജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ് 1 ലാണ് കെഎസ്ആര്‍ടിസി ബസുകള്‍ റജിസ്റ്റര്‍ ചെയ്തുവരുന്നത്. ഈ വാഹനങ്ങള്‍ക്ക് കെഎല്‍ 15 എന്ന രജിസ്‌ട്രേഷന്‍ കോഡ് നിലനിര്‍ത്തും.

കേരള സര്‍ക്കാര്‍ ബോര്‍ഡ് വച്ച വാഹനങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് നിരവധി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക സീരീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നിലവിലെ നിയമത്തില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ മാര്‍ക്ക് നല്‍കാന്‍ വ്യവസ്ഥയില്ലായിരുന്നു. ഒരു മാസത്തിനകം അന്തിമ വിജ്ഞാപനമിറക്കും.

പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിനും പഴയവ മാറ്റുന്നതിനും ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മതിയാകും. വാഹനങ്ങള്‍ ഹാജരാക്കേണ്ടതില്ല. സ്വകാര്യ, കരാര്‍ വാഹനങ്ങളില്‍ 'കേരള സര്‍ക്കാര്‍ ബോര്‍ഡ്' ഘടിപ്പിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുന്നത്. ഇതോടെ ദുരുപയോഗം തടയാനാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരിന് എത്ര വാഹനമുണ്ടെന്നു കണ്ടെത്താനും ഇതിലൂടെയാകും.