ഗാനത്തിന് രണ്ടാം ഭാഗവുമായി ജി.പി. കുഞ്ഞബ്ദുല്ല; ഇക്കുറി ജയിലില്‍ നിന്ന് വാസു മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ കമീഷണറുമായ എന്‍. വാസു മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിന്റെ ഉള്ളടക്കം അടിസ്ഥാനമാക്കിയാണ് ഗാനം രചിക്കുകയെന്ന് ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു.

author-image
Biju
New Update
potti 2

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കനത്ത പരാജയത്തിന് വഴിവെച്ച 'പോറ്റിയേ കേറ്റിയേ...' എന്ന പാരഡിപ്പാട്ടിന് രണ്ടാം ഭാഗവുമായി ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് മലപ്പുറം ജില്ല കമ്മിറ്റിയാണ് ഗാനം പുറത്തിറക്കുക.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ കമീഷണറുമായ എന്‍. വാസു മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിന്റെ ഉള്ളടക്കം അടിസ്ഥാനമാക്കിയാണ് ഗാനം രചിക്കുകയെന്ന് ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു.

പാരഡി ഗാനത്തിന്റെ പേരില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ഒളിച്ചോടില്ല. കേസിനെ നിയമപരമായി നേരിടും. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സി.പി.എമ്മിന് പിടിച്ചു നില്‍ക്കാന്‍ ഒന്നുമില്ലാതായി. പാര്‍ട്ടിക്ക് അണികളോട് എന്തെങ്കിലും പറഞ്ഞ് പിടിച്ചു നില്‍ക്കണം. അതിന് കിട്ടിയ വടിയായാണ് പാട്ടിന്റെ മേല്‍ പഴിചാരുന്നത്. അല്ലാതെ ഒരൊറ്റ പാട്ട് കൊണ്ട് സി.പി.എം എന്ന കേഡര്‍ പാര്‍ട്ടി തകര്‍ന്നു പോവില്ല. അതവര്‍ ചിന്തിക്കണം. കേസ് തങ്ങള്‍ നോക്കിക്കൊള്ളാമെന്നാണ് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും അറിയിച്ചതെന്നും ജി.പി. കുഞ്ഞബ്ദുല്ല വ്യക്തമാക്കി.

രണ്ടര മാസം മുമ്പാണ് പാരഡി ഗാനം എഴുതിയത്. താനൊരു കോണ്‍ഗ്രസുകാരനാണ്. സര്‍ക്കാറിനെതിരെ പാട്ടെഴുതി എന്നത് ശരിയാണ്. എന്നാല്‍, പാട്ടില്‍ മതനിന്ദയില്ല. ശബരിമല വിഷയം മാത്രമല്ല പാട്ടില്‍ പ്രതിഫലിക്കുന്നത്. ആശാ പ്രവര്‍ത്തകരോട് സര്‍ക്കാര്‍ കാണിച്ച അവഗണന, ഷാഫി പറമ്പിലിനെ തല്ലിയത്. ടി.പിയെ കൊല്ലാന്‍ നോക്കിയത് അടക്കമുള്ളവ പാട്ടില്‍ വിവരിക്കുന്നുണ്ട്.

തെരഞ്ഞെടപ്പ് സമയത്ത് കോണ്‍ഗ്രസ് മാത്രമല്ല ബി.ജെ.പിയും പാട്ടിന്റെ ആദ്യ വരികള്‍ പ്രചരിപ്പിച്ചിരുന്നു. മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടനത്തിന് പോകുന്ന ഭക്തര്‍ ബസില്‍ പാട്ട് കേട്ട് പോകുന്നതിന്റെ വിഡിയോ പലരും അയച്ചു തന്നിട്ടുണ്ടെന്നും ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു.

'പോറ്റിയേ കേറ്റിയേ...' പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് സൈബര്‍ പൊലീസ് കേസെടുത്തത്. പാരഡിപ്പാട്ടിന്റെ അണിയറ ശില്‍പ്പികളായ ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ബുധനാഴ്ച തിരുവനന്തപുരം സൈബര്‍ സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

പ്രസാദിന്റെ പരാതിയില്‍ ഗാനരചയിതാവിന്റെ പേര് കുഞ്ഞുപിള്ള എന്ന് രേഖപ്പെടുത്തിയതിനാല്‍ എഫ്.ഐ.ആറിലും അതുതന്നെയാണ് ചേര്‍ത്തത്. ഭക്തിഗാനത്തെയും ശരണമന്ത്രത്തേയും അപമാനിക്കുംവിധം മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തി മതസൗഹാര്‍ദം ഇല്ലായ്മ ചെയ്യുന്ന വിധമാണ് ഗാനം നിര്‍മിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

നവമാധ്യമങ്ങള്‍ വഴിയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തില്‍ സമാധാന ലംഘനം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഗാനം നിര്‍മിച്ചതെന്നും പരാതിക്കാരനും മറ്റ് ഭക്തര്‍ക്കും മതവിശ്വാസത്തെ ദോഷകരമായി ബാധിച്ചെന്ന നിലയിലുമാണ് ഭാരതീയ ന്യായ സന്‍ഹിത (ബി.എന്‍.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയിരുന്നു. തുടര്‍ന്ന് കേരള പൊലീസിന്റെ സൈബര്‍ ഓപറേഷന്‍ വിങ്ങിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അയ്യപ്പന്റെ പേര് പരാമര്‍ശിക്കുന്നെന്ന കാരണം നിരത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതിനിടെ, തദ്ദേശതെരഞ്ഞെടുപ്പിലും വിജയാരവത്തിലും നിറഞ്ഞുനിന്ന പാരഡിഗാനത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെ ഇത് ചട്ടലംഘനമെന്നും കമീഷനെ സമീപിക്കുമെന്നും സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി രാജു ഏബ്രഹാം വ്യക്തമാക്കി.

എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ ഗാനം പ്രചാരണത്തിന് ഉപയോഗിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് സി.പി.എം നീക്കമെന്നാണ് സൂചന. വിഷയം വിവാദമായതോടെ കൂടുതല്‍പേര്‍ പാട്ട് കാണാന്‍ ഇടയായെന്ന ആക്ഷേപവും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്