/kalakaumudi/media/media_files/2025/05/04/zieJMeI9dy469CwHmtMw.jpg)
കൊച്ചി: കീഴ്‌മാട് സൊസൈറ്റിപ്പടിയിൽ റൈഡ് ഇൻ സ്റ്റൈൽ മൾട്ടി കാർ കെയർ എന്ന കാർ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി സൂക്ഷിച്ചിരുന്ന കാറിലെ രഹസ്യ അറയിൽ നിന്ന് അര കിലോയോളം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.
ഡി.എൽ 7സി.ജി 5324 എന്ന നമ്പറുള്ള കാറിനുള്ളിൽ നിന്നാണ് ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോമോൻ ജോർജിന്റെ നേതൃത്വത്തിൽ കഞ്ചാവ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പ്രതികളാക്കി കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്ച ഉച്ചയോടെ പിടികൂടിയതാണെങ്കിലും വാഹനത്തിന്റെ ആർ.സി ബുക്ക് ഉടമയാരാണെന്നും എക്സൈസ് വ്യക്തമാക്കുന്നില്ല.
ജി.ടി.എൻ കമ്പനിക്ക് സമീപമുള്ള അഭിലാഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വർക്ക് ഷോപ്പ്. അഭിലാഷിൽ നിന്ന് ലഭിച്ച ഫോൺ നമ്പർ പ്രകാരം വിളിച്ചുവരുത്തിയ രണ്ട് പേരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. മാസങ്ങളായി അറ്റകുറ്റപ്പണിക്കെന്ന പേരിൽ സൂക്ഷിച്ചിരുന്നു കാർ രഹസ്യ വിവരത്തെ തുടർന്ന് കുറച്ച് ദിവസങ്ങളായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ സനിൽകുമാർ, പ്രവന്റീവ് ഓഫീസർമാരായ ഒ.എസ്. ജഗദീഷ്, എം.എം. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൃത്കരുൺ, എം.കെ. അരുൺകുമാർ, അഖില്‍ ലാൽ, ടി.ജി. നിതിൻ, വിഷ്ണു എന്നിവരാണ് പരിശോധന നടത്തിയത്.