കൊച്ചി: പകുതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തുകൃഷ്ണനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി. തട്ടിപ്പ് പണത്തിന്റെ പങ്കുപറ്റിയ രാഷ്ട്രീയ നേതാക്കളും ഉന്നതരും അന്വേഷണ പരിധിയിലുള്ള കേസിൽ, കൈക്കലാക്കിയ കോടികൾ എവിടേക്ക് വകമാറ്റി എന്നതടക്കമുള്ള ചോദ്യങ്ങൾ അനന്തുവിന് നേരെ നീണ്ടു. ഇന്നലെ ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വരെ തുടർന്നു.
ഇന്നലെ മൂവാറ്റുപുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ രണ്ട് ദിവസത്തേക്കാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസം കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നത്.
അന്വേഷണത്തോട് സഹകരിക്കുമെന്ന് അനന്തുകൃഷ്ണൻ കോടതിയിൽ പറഞ്ഞെങ്കിലും പല ചോദ്യങ്ങൾക്കും മറുപടി അവ്യക്തമായിരുന്നു. അന്വേഷണം ഏറ്റെടുത്തിന് പിന്നാലെ നടത്തിയ മാരണത്തൺ പരിശോധനയിൽ ഇയാളുടെ കടവന്ത്ര സോഷ്യൽ ബീ വെഞ്ച്വേഴ്‌സ്, കളമശേരിയിലെ പ്രൊഫഷണൽ സർവീസ് ഇന്നൊവേഷൻസ്, ചിറ്റേത്തുകര ഗ്രാസ് റൂട്ട് ഇംപാക്ട് ഫൗണ്ടേഷൻ എന്നിവയുടെ 11 ബാങ്ക് അക്കൗണ്ടിൽ 548 കോടി രൂപ വന്നതായി കണ്ടെത്തിയിരുന്നു. 2023 ഫെബ്രുവരി മുതൽ 2024 ഒക്‌ടോബർ വരെ മാത്രം എത്തിയ തുകയാണിത്.
സോഷ്യൽ ബീ വെഞ്ച്വേഴ്‌സിന്റെ അക്കൗണ്ടിൽ മാത്രം 143.5 കോടി രൂപ എത്തി. ഇതുവരെയുള്ള അന്വേഷണത്തിൽ മൂന്നരകോടി രൂപ മാത്രമാണ് അനന്തുവിന്റെ അക്കൗണ്ടിൽ അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചത്. ബാക്കി പണം എവിടേക്ക് മാറ്റി, കൂടുതൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയോ എന്നെല്ലാമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാന വ്യാപകമായി 20,163 പേരിൽ നിന്ന് 60,000 രൂപ വീതവും 4025 പേരിൽ നിന്ന് 56,000 രൂപ വീതവും അനന്തു വാങ്ങിയിരുന്നു.
ആനന്ദകുമാറിന്റെ മുൻകൂർ
ജാമ്യാപേക്ഷ ഇന്ന്
തിരുവനന്തപുരം: പകുതി വിലയ്ക്ക് സ്കൂട്ടർ,ലാപ്ടോപ്,തയ്യൽമെഷീൻ എന്നിവ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദ കുമാറിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും. കണ്ണൂർ ടൗൺ പൊലീസെടുത്ത കേസിലാണിത്. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി എ. മോഹനൻ നൽകിയ പരാതിയിലാണ് ആനന്ദകുമാറടക്കം 7പേരെ പ്രതികളാക്കി കേസെടുത്തത്. സൊസൈറ്റി അംഗങ്ങളിൽ നിന്ന് 2,96,40,000 രൂപ തട്ടിയെന്നാണ് പരാതി.
ലാലി വിൻസന്റിന്റെ പങ്ക് അറിയിക്കണം
പകുതി വില തട്ടിപ്പിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസന്റിന്റെ പങ്കിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം. ലാലിയുടെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും അന്നുവരെ നീട്ടി. പൊലീസ് വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചത്.