കൊച്ചി: ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൂജാരി അറസ്റ്റിൽ. തൃശൂരിലെ വീട്ടമ്മയുടെ പരാതിയിൽ തൃശൂർ ആവണിശേരി സ്വദേശി, അഷ്ടമിച്ചിറയിൽ താമസിക്കുന്ന പ്രഭാത് ഭാസ്കരനാണ് (44) അറസ്റ്റിലായത്. ഭർത്താവിന്റെ രോഗശാന്തിക്കായി പൂജയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ മറ്റൊരു പൂജാരിയെ പൊലീസ് തെരയുന്നുമുണ്ട്. എറണാകുളത്തെ വീട്ടമ്മയുടെ പരാതിയിൽ മലയൻകീഴ് സ്വദേശി അനീഷ് ജ്യോതിഷിനായാണ് അന്വേഷണം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച പരാതികൾ പാലാരിവട്ടം പൊലീസാണ് അന്വേഷിക്കുന്നത്.
ജൂലായ് ആറിനാണ് വീട്ടമ്മയെ പ്രഭാത് പീഡിപ്പിച്ചത്. 2021-22 കാലയളവിൽ അനീഷ് പീഡിപ്പിച്ചെന്ന് കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടമ്മ പരാതി നൽകിയത്. ഭർത്താവിന്റെ അപസ്മാരം ഭേദമാകാൻ നഗ്നപൂജചെയ്താൽ മതിയെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരത്ത് എത്തിച്ചശേഷം ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.