തിരുവനന്തപുരം: ലൈംഗിക പീഢന കേസിൽ അറസ്റ്റിലായ എം മുകേഷ് എംഎൽഎയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. അറസ്റ്റിലായ ഒരുപാട് പേർ എംഎൽഎ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ. അറസ്റ്റിലായെങ്കിൽ അദ്ദേഹം കുറ്റവാളി ആകുന്നില്ലല്ലോയെന്നും മന്ത്രി ചോദിച്ചു.
കോടതി ഒരു നിഗമനത്തിൽ എത്തുമ്പോൾ അല്ലേ കുറ്റവാളി ആണോ എന്ന് തീരുമാനിക്കേണ്ടത്. അന്വേഷണത്തെ സ്വാധീനിക്കുന്ന സ്ഥാനമല്ല എംഎൽഎ സ്ഥാനം. തുടർനടപടിയിൽ പോയതിന് ശേഷം അല്ലേ ചർച്ച ചെയ്തിട്ട് കാര്യമുള്ളുവെന്നും സജി ചെറിയാൻ പറഞ്ഞു.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്. മരട് പൊലീസാണ് നടിയുടെ പരാതിയിൽ മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേർക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയിൽ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകുകയായിരുന്നു. തുടർന്ന് മുകേഷടക്കമുള്ളവർക്കെതിരെ കേസെടുത്തു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
