കൊച്ചി: സംവിധായകൻ വികെ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി യുവ കഥാകൃത്ത്. ആദ്യ സിനിമയുടെ കഥ പറയാൻ ചെന്നപ്പോൾ മോശമായി പെരുമാറിയെന്ന് യുവ കഥാകൃത്ത് പറഞ്ഞത്. ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. കഥ കേൾക്കണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി മോശമായി പെരുമാറുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
'രണ്ട് വർഷം മുമ്പ് സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് വികെ പ്രകാശ് എന്ന സംവിധിയാകനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോൾ ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരാനും പറഞ്ഞു. സിനിമയാക്കുമെന്ന ഉറപ്പിന്റെ പുറത്താണ് അദ്ദേഹത്തെ കാണാമെന്ന് തീരുമാനിക്കുന്നത്. അദ്ദേഹം പറഞ്ഞ സമയത്ത് കൊല്ലത്തെത്തി. കൊല്ലത്ത് ഒരു ഹോട്ടലിൽ അദ്ദേഹം രണ്ട് മുറികളെടുത്തിരുന്നു. എന്റെ മുറിയിൽ വന്ന് കഥ പറയാൻ അദ്ദേഹം പറഞ്ഞു. കഥ പറഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോൾ അത് നിർത്തിവെക്കാൻ പറയുകയും എനിക്ക് മദ്യം ഓഫർ ചെയ്യുകയും ചെയ്തു.
തുടർന്ന് കഥ പറയുന്നത് തുടരട്ടേയെന്ന് ചോദിച്ചപ്പോൾ നമുക്ക് അഭിനയത്തിലേക്ക് കടക്കാമെന്ന് പറഞ്ഞ്, ഇന്റിമേറ്റായും വൾഗറായിട്ടും അഭിനയിക്കേണ്ട സീൻ തന്നു. എനിക്ക് അഭിനയത്തോട് താൽപര്യമില്ലെന്നും എന്റെ കഥ സിനിമയാക്കാനാണ് താൽപര്യമെന്നും പറഞ്ഞപ്പോൾ അഭിനയിക്കാൻ പറ്റുമെന്ന് പറഞ്ഞിട്ട് നിർബന്ധിച്ചു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഞാൻ ചെയ്ത് കാണിച്ചു തരാമെന്നും അതുപോലെ ചെയ്താൽ മതിയെന്നും പറഞ്ഞ് ദേഹത്ത് സ്പർശിക്കാനും ചുംബിക്കാനും ശ്രമിച്ചു. കിടക്കയിലേക്ക് കിടത്താനും ശ്രമിച്ചു. കഥ കേൾക്കാനല്ല വിളിപ്പിച്ചതെന്ന് അപ്പോൾ എനിക്ക് തോന്നി. സർ മുറിയിലേക്ക് പൊക്കോളൂ, കൊച്ചിയിലേക്ക് വരുമ്പോൾ ഞാൻ വന്ന് കഥ പറയാമെന്നും അദ്ദേഹത്തോട് പറഞ്ഞു,' യുവതി വെളിപ്പെടുത്തി.
സംവിധായകൻ മുറിയിൽ നിന്നും പോയപ്പോൾ തന്നെ ഹോട്ടലിൽ നിന്ന് ഇറങ്ങുകയും ഓട്ടോ പിടിച്ച് പോകുകയും ചെയ്തുവെന്നും യുവതി പറഞ്ഞു. പിറ്റേന്ന് രാവിലെ നോക്കുമ്പോൾ സംവിധായകന്റെ കുറേ മിസ്ഡ് കോളുണ്ടായെന്നും തിരിച്ചു വിളിച്ചപ്പോൾ ക്ഷമിക്കണമെന്ന് പറയുകയും ചെയ്തതായി യുവതി കൂട്ടിച്ചേർത്തു. ഇത് ആരോടും പറയരുതെന്നും എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ തരാമെന്നുമായിരുന്നു വികെ പ്രകാശ് തന്നോട് പറഞ്ഞതെന്നും യുവതി വ്യക്തമാക്കി. തുടർന്ന് പതിനായിരം രൂപ അയച്ചു നൽകിയെന്നും യുവതി പറയുന്നു.
'ഇല്ല സർ കുഴപ്പമില്ലെന്ന് പറഞ്ഞ് ഞാനത് ക്ലോസ് ചെയ്തു. പതിനായിരം രൂപ അയച്ചു തന്നു. അതവിടെ ക്ലോസ് ചെയ്തു. അതിന് ശേഷം ഒരു ബന്ധവും ഉണ്ടായില്ല. എന്നാൽ പിണറായി വിജയൻ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ മുന്നോട്ട് വരുന്നത്. സിനിമാ മേഖലയിൽ ഇനി വരുന്ന ആർക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുത്,' അവർ പറഞ്ഞു.