കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസ് ചൊവ്വാഴ്ച രാവിലെ കണ്ണ് തുറന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. കാല് ചലിപ്പിച്ചു. കൈയില്‍ മുറുകെ പിടിക്കാന്‍ പറഞ്ഞപ്പോള്‍ അനുസരിച്ചു.
ട്യൂബിട്ടിരിക്കുന്നതിനാല്‍ സംസാരിക്കാന്‍ കഴിയില്ല. വീഴ്ചയിലേറ്റ തലച്ചോറിലെ ക്ഷതങ്ങളില്‍ പുരോഗതിയുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. വെല്ലുവിളിയുയര്‍ത്തുന്നത് ശ്വാസകോശത്തിലെ പരിക്കാണ്. ശ്വാസകോശത്തിലെ രക്തം പൂര്‍ണമായി മാറ്റാന്‍ സാധിച്ചിട്ടില്ല. എക്‌സേറിയില്‍ നേരിയ പുരോഗതി കാണിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നുണ്ട്.
ഉമ തോമസ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ ഗുരുതരാവസ്ഥയില്‍ നിന്ന് മാറി എന്നു പറയാന്‍ സാധിക്കൂ.
ഡിസംബര്‍ 29 നായിരുന്നു അപകടമുണ്ടയത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു അപകടം. ലോക റെക്കോഡ് ലക്ഷ്യമിട്ടായിരുന്നു നൃത്തം സംഘടിപ്പിച്ചത്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം.