/kalakaumudi/media/media_files/2025/07/03/harrissd-2025-07-03-15-12-46.jpg)
തിരുവനന്തപുരം : നടപടി മുന്നില്‍ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കല്‍. പെട്ടെന്ന് നടപടി വന്നാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനാണ് രേഖകളടക്കം കൈമാറിയതെന്ന് ഡോ. ഹാരിസ് ചിറക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
നടപടിയെ ഭയക്കുന്നില്ല. എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്. തന്റെ മാര്‍ഗം തെറ്റായിരുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. പക്ഷേ അതിന് ഫലം ഉണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് രോഗികള്‍ മടങ്ങുന്നു. അവരുടെ പുഞ്ചിരിയില്‍ എല്ലാമുണ്ട്. എന്ത് നടപടി വന്നാലും സ്വീകരിക്കും. ഒരു ജോലി അല്ലെങ്കില്‍ വേറെ ഒരു ജോലി ലഭിക്കും.
സത്യം തുറന്നു പറഞ്ഞതിന് പഠനകാലം മുതല്‍ തിക്താനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങള്‍ എഴുതി നല്‍കി. താന്‍ സര്‍വീസില്‍ ഇല്ലെങ്കിലും ഇത് നടപ്പാക്കണമെന്ന് പറഞ്ഞു. രോഗികള്‍ തന്നെ കണ്ടു പുഞ്ചിരിച്ച് നന്ദി അറിയിച്ചാണ് പോയത്. ആ പുഞ്ചിരിയാണ് എനിക്കുള്ള സമ്മാനം. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സിപിഎമ്മും എന്നും തനിക്കൊപ്പം നിന്നു. തന്റെ പോസ്റ്റ് അവര്‍ക്കെതിരെ ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ വേദനിച്ചുവെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.