എച്ച്‌ഐവി അണുബാധയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കണക്കുകള്‍ പ്രകാരം പുതിയതായി എച്ച്‌ഐവി അണുബാധിതര്‍ ആകുന്നവരില്‍ 15 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ 2022 മുതല്‍ 2024 വരെ യഥാക്രമം 9%, 2%, 14.2% എന്ന തോതിലാണ്

author-image
Devina
New Update
hiv

തിരുവനന്തപുരം: എച്ച്‌ഐവിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരമാണ്.

ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കണക്കുകള്‍ പ്രകാരം പുതിയതായി എച്ച്‌ഐവി അണുബാധിതര്‍ ആകുന്നവരില്‍ 15 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ 2022 മുതല്‍ 2024 വരെ യഥാക്രമം 9%, 2%, 14.2% എന്ന തോതിലാണ്.

2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ തന്നെ 15.4% ആണ് ഈ പ്രായത്തിലുള്ള പുതിയ അണുബാധിതര്‍.

 ഇത് മനസിലാക്കിക്കൊണ്ട് യുവജനങ്ങളുടെ ഇടയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ യുവജന ദിനം സംസ്ഥാനതല ഉദ്ഘാടനം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എച്ച്‌ഐവി-എയ്ഡ്‌സ്, ക്ഷയ രോഗ മുക്ത കേരളം ലക്ഷ്യമിട്ട് അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്.

എത്രകാലം ജീവിച്ചാലും അത്രയും നാള്‍ ഗുണനിലവാരമുള്ള ജീവിതം ഉറപ്പ് വരുത്താനാകണം.

മാരകമായ പല രോഗങ്ങളില്‍ നിന്നും നമുക്ക് തന്നെ പ്രതിരോധം തീര്‍ക്കാനാകും.

രോഗമുക്തമായ ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കാം. എല്ലാവരും ഇതിന്റെ അംബാസഡര്‍മാരാകണം. 

ജീവിതശൈലീരോഗങ്ങളില്‍ നിന്നും മുക്തമാകുന്നതിന് കേരളം വെല്‍നസ് മിഷനിലേക്ക് പോകുകയാണ്.

വ്യായാമം ചെയ്യുക, നല്ല ആഹാരം കഴിക്കുക, നന്നായി ഉറങ്ങുക, നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

എല്ലാവരും അതില്‍ പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.