സംസ്ഥാനത്ത് ചൂട് കനക്കുന്നു ;ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു

പകൽസമയത്ത് പുറത്തിറങ്ങുന്നവർ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക, ശരീരം മുഴുവൻ മറയുന്ന പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക എന്നീ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്

author-image
Devina
New Update
choodi

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. യു വി ഇൻഡെക്‌സ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. മൂന്നാറിൽ 8 ആണ് യു വി ഇൻഡെക്‌സ് രേഖപ്പെടുത്തിയിരിക്കുന്നത്.മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ യു വി ഇൻഡെക്‌സ് ആറാണ്.

ചൂട് കൂടുന്നതിന് അനുസരിച്ച് യു വി സൂചികയും വർധിക്കുന്നുണ്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. ജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നിർദേശം.

കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിർദേശം. പകൽ 10 മുതൽ മൂന്നു മണിവരെയാണ് ഉയർന്ന യു വി സൂചിക രേഖപ്പെടുത്തുന്നത്. അതിനാൽ പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിനും പോകുന്നവർ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രികർ, വിനോദസഞ്ചാരികൾ, കാൻസർ രോഗികൾ, ചർമ- നേത്ര രോഗങ്ങളുള്ളവരെല്ലാം പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

 പകൽസമയത്ത് പുറത്തിറങ്ങുന്നവർ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക, ശരീരം മുഴുവൻ മറയുന്ന പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക എന്നീ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യു വി സൂചിക ഉയർന്ന നിലയിലായിരിക്കും