തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറില്‍ ശക്തമായ മഴയ്്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നതിനാലാണു മഴ കിട്ടുക. കേരള തീരത്തും തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.