പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി മിതമായ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ തെക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദപാത്തി രൂപപെട്ടു. തെക്കു കിഴക്കന്‍ ഉത്തര്‍പ്രദേശിനും വടക്കു കിഴക്കന്‍ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഓഗസ്റ്റ് 26ഓടെ പടിഞ്ഞാറന്‍ മധ്യപ്രദേശിന് മുകളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് രാജസ്ഥാന്‍, ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
