heavy rain alert in kerala yellow alert issued in eight districts
തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് 14 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
അതി തീവ്ര മഴ മുന്നറിയിപ്പുകൾക്ക് സാധ്യതയില്ലെങ്കിലും ജാഗ്രത തുടരണം. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും 14 ന് ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. 13ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും 14ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലും 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മഞ്ഞ അലർട്ടാണ്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. എന്നാൽ കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.