/kalakaumudi/media/media_files/2025/09/26/kerala-rain-2025-09-26-09-52-38.jpg)
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ സ്വാധീനത്തെ തുടര്‍ന്ന് മധ്യ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.
ഈ ജില്ലകളില്‍ നേരിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.
കഴിഞ്ഞ ദിവസത്തെ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ടായിരുന്നു. മഴ ശക്തമായതിനെ തുടര്‍ന്നാണ് ചില ജില്ലകളില്‍ 3 മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് യെലോ അലര്‍ട്ടിലൂടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വൈകി അവധി പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് കളക്ടര്‍ക്കെതിരെ ആക്ഷേപം
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച തിരുവനന്തപുരം കളക്ടര്‍ക്കെതിരെ രക്ഷിതാക്കളുടെ രോഷം. മഴ അവധി പ്രഖ്യാപിച്ചതിലല്ല, അവധി അറിയിച്ചത് താമസിച്ചതിലാണ് കളക്ടറുടെ ഫെയ്‌സ്ബുക് പേജില്‍ രക്ഷിതാക്കള്‍ രോഷപ്രകടനം നടത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
'കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നല്ലോ. ഇന്നലെ മുതല്‍ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവന്‍ മഴ ആയിരുന്നു. കുട്ടികള്‍ എല്ലാം റെഡി ആയിട്ടു എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണര്‍ന്നത്'. ഒരു രക്ഷിതാവ് തിരുവനന്തപുരം കളക്ടറുടെ ഫെയ്‌സ്ബുക് പേജില്‍ കുറിച്ചു. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ തയാറായതിനു ശേഷമാണോ അവധി പ്രഖ്യാപിക്കുന്നതെന്നാണ് കൂടുതല്‍ പേരും ആക്ഷേപം ഉന്നയിച്ചത്. 'ഒരു ഉച്ച ആകുമ്പോള്‍ പ്രഖ്യാപിച്ചാല്‍ കുറച്ചുകൂടി സൗകര്യത്തില്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ഇത് 6.15ന് കൊച്ചിനെ വിളിക്കുന്നതിന് മുന്‍പ് വരെയും നോക്കിയതാ. സ്‌കൂള്‍ ബസ് വരുന്നതിന് കൃത്യം 5 മിനിറ്റ് മുന്‍പ് അപ്‌ഡേറ്റ്' എന്നാണ് മറ്റൊരു രക്ഷിതാവിന്റെ പരാതി.
അതേസമയം, കളക്ടര്‍ക്കും മുന്‍പേ അവധി വിവരം ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ച വിദ്യാഭ്യാസ മന്ത്രിയെ പരാമര്‍ശിച്ചും കളക്ടറെ വിമര്‍ശിച്ചവരുണ്ട്. കളക്ടറുടെ ഫെയ്‌സ്ബുക്കില്‍ അവധി വിവരം വരുന്നതിനും 12 മിനിറ്റ് മുന്‍പേ വിവരം അറിയിച്ചാണ് മന്ത്രി കൈയ്യടി നേടിയത്. സാധാരണ മഴ പെയ്യുമ്പോള്‍ അവധി പ്രഖ്യാപിക്കാത്തതിന് കളക്ടര്‍ക്ക് വിദ്യാര്‍ഥികളുടെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരാറുണ്ട്, അവധി നല്‍കിയപ്പോള്‍ താമസിച്ചതിനു രക്ഷിതാക്കളും വിമര്‍ശനവുമായി എത്തി.
- Sep 26, 2025 18:25 IST
പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കന്‍, മധ്യ കേരളത്തില്‍ കനത്ത മഴ തുടരുന്നതിനിടെ നാളെ വടക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
മഞ്ഞ അലര്‍ട്ട്
27-09-2025: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം
28-092025: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.
- Sep 26, 2025 13:06 IST
4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, 5 ജില്ലകളില്‍ യെലോ
തിരുവനന്തപുരം: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെലോ അലര്‍ട്ട്.
- Sep 26, 2025 11:32 IST
റണ്‍വേ കാണാനായില്ല; തിരുവനന്തപുരത്ത് കുവൈത്ത് എയര്‍വെയ്‌സ് വിമാനം ഇറങ്ങാന്‍ വൈകി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴയില്‍ റണ്‍വേ കാണാനാകാത്തതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. കുവൈത്തില്‍നിന്ന് തിരുവനന്തപുരത്ത് രാവിലെ 5.45 ന് ലാന്‍ഡ് ചെയ്യേണ്ട കുവൈത്ത് എയര്‍വേയ്സിന്റെ വിമാനമാണ് ഒരു മണിക്കൂറോളം വൈകി ലാന്‍ഡ്‌ചെയ്തത്.
വെള്ളിയാഴ്ച രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും കനത്തമഴ കാരണം റണ്‍വേ കാണാനായില്ല. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിമാനം വട്ടമിട്ടുപറന്നു. ഇതിനുശേഷമാണ് ലാന്‍ഡ് ചെയ്തത്.