ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചുരൽമലയിലും കനത്ത മഴ. ഇതേതുടർന്ന് മുണ്ടക്കൈയിലെത്തിയ രക്ഷാപ്രവർത്തകരെ തിരിച്ചിറക്കി. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും കനത്ത മഴയാണ്. ഇവിടെ നിന്നും രക്ഷാപ്രവർത്തകരെ തിരിച്ചിറക്കി. അതേസമയം പ്രതികൂല കാലാവസ്ഥയിലും ചൂരൽ മലയിലെ ബെയ്‌ലി പാലം നിർമ്മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആർമിയുടെ നേതൃത്വത്തിൽ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്.
അതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂരൽമല സന്ദർശിച്ചു. വയനാട്ടിൽ ചേർന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരൽമലയിലെത്തിയത്. ചൂരൽമലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിൻ്റെ നേതൃത്വത്തിൽ നിർമിക്കുന്ന ബെയിലി പാലം സന്ദർശിച്ചു.
അതേസമയം ഇനി ആരും ജീവനോടെ പ്രദേശത്ത് ഇല്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷിക്കാൻ കഴിയുന്ന എല്ലാവരെയും രക്ഷിച്ചുവെന്ന് സൈന്യം അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ – ചൂരൽമല രക്ഷാദൗത്യം ഊർജ്ജിതമാക്കാൻ കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേരാണ് പ്രവർത്തിക്കുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.